ആലപ്പുഴ: കൊവിഡിനിടയിൽ ഒരിക്കൽകൂടി കുരുന്നുകള്‍ക്ക് ഓൺലൈനായി പുതിയ അധ്യയന വര്‍ഷാരംഭം. കൊവിഡ് അതിജീവനത്തിനിടയില്‍ ‍ വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനിലൂടെ തുടർപഠനം നടത്തും. ജില്ലയിൽ പത്താം ക്ലാസ് വരെ രണ്ടു ലക്ഷത്തിനടുത്ത് വിദ്യാര്‍ത്ഥികളാണ് അധ്യാപകരെ നേരിട്ട് കാണാതെ പഠനം നടത്തുക. എല്ലാ പാഠഭാഗങ്ങളും ഇക്കുറി കുട്ടികള്‍ക്ക് അവരുടെ അധ്യാപകര്‍ ഡിജിറ്റലായി പഠിപ്പിക്കും. ഇതുവരെയുള്ള കണക്കനുസരിച്ച് ജില്ലയിൽ പുതുതായി ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയത് 10,000 കുട്ടികളാണ്. രണ്ടു മുതൽ 10 വരെയുള്ള ക്ലാസുകളിൽ 14,390 കുട്ടികളും പ്രീ പ്രൈമറി ക്ലാസ്സുകളിൽ 2350 കുട്ടികളും പുതുതായി പ്രവേശനം നേടി.