ആലപ്പുഴ: സ്കൂൾ പ്രവേശന ദിനത്തിൽ കുരുന്നുകൾക്ക് വിജയാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ഓൺലൈൻ വഴി നടന്ന സ്കൂൾ പ്രവേശനോത്സവത്തിലാണ് മുഖ്യമന്ത്രിയുടെ വീഡിയോ സന്ദേശം. മഹാമാരിക്കെതിരെ പ്രതിരോധം തീർക്കേണ്ട സമയമാണ് ഇതെന്ന് വീഡിയോ സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

ഒന്നാം കോവിഡ് കാലത്ത് അപ്രാപ്യമെന്ന് തോന്നിയിരുന്ന ഓൺലൈൻ വിദ്യാഭ്യാസം എല്ലാവരിലേക്കും എത്തിച്ച് വിജയകരമായി നടപ്പാക്കാൻ സർക്കാരിനായി . 45 ലക്ഷത്തോളം വരുന്ന സംസ്ഥാനത്തെ സ്കൂൾ കുട്ടികളിൽ രണ്ടര ലക്ഷത്തോളം പേർക്ക് ഡിജിറ്റൽ വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ ഇല്ലെന്നുള്ളത് കണ്ടെത്തുകയും അതിനു പരിഹാരം കാണാനും കഴിഞ്ഞു. ഇതിനായി കേരളത്തിന്റെ പൊതുസമൂഹം ഒറ്റക്കെട്ടായി നിന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ വർഷം ഓൺലൈൻ വിദ്യാഭ്യാസത്തിനായി വിക്റ്റെർസ്, ദൂരദർശൻ എന്നിവ വഴി നടപ്പാക്കിയ പാഠശാല, ഫസ്റ്റ് ബെൽ എന്നീ പഠന വഴികൾ കുട്ടികൾക്ക് പഠനത്തിൽ ഏറെ സഹായകരമായി. ഇത്തവണ ഒരു പടി കൂടി മുന്നോട്ട് വന്ന് കുട്ടികൾക്ക് അവരുടെ സ്കൂളുകളിലെ അധ്യാപകരുടെ സേവനം തന്നെ പഠന പ്രവർത്തനങ്ങൾക്കായി ഓൺലൈൻ വഴി ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. പഠനത്തോടൊപ്പം കുട്ടികൾക്ക് ഈ മഹാമാരിയുടെ കാലത്ത് മാനസികമായ പിന്തുണ ഏറെ ആവശ്യമാണ്. വീടുകളിൽ തന്നെ കഴിയുന്ന ഇവർക്ക് മാനസികോല്ലാസത്തിനായി വിനോദ പരിപാടികളും ഓൺലൈൻ വഴി ഒരുക്കുമെന്നും എല്ലാ കുട്ടികൾക്കും വിജയാശംസകൾ നേർന്നുകൊണ്ട് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.