പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കണ്ണൂര്‍ കോര്‍പറേഷന്‍ നടത്തുന്ന ശുചീകരണ യജ്ഞത്തിന്റെ മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജൂണ്‍ നാല് വെള്ളിയാഴ്ച കണ്ണൂര്‍ നഗരത്തില്‍ മെഗാ ക്ലീനിങ് നടത്തും. കോര്‍പറേഷന്‍ ഓഫീസില്‍ ചേര്‍ന്ന ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെയും, ജൂനിയര്‍ ഹെല്‍ത് ഇന്‍സ്പെക്ടര്‍മാരുടെയും യോഗത്തിലാണ് തീരുമാനം. യോഗം മേയര്‍ അഡ്വ. ടി ഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു.

നഗരത്തിലെ പത്ത് കേന്ദ്രങ്ങളില്‍ നിന്നായാണ് ശുചീകരണം ആരംഭിക്കുക. ഓരോ കേന്ദ്രത്തില്‍ നിന്നും ശുചീകരണം ആരംഭിച്ച് അടുത്ത കേന്ദ്രത്തില്‍ അവസാനിപ്പിക്കുന്ന രീതിയിലാണ് ശുചീകരണ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. താഴെചൊവ്വ, താണ, കാള്‍ടെക്‌സ്, എകെജി ഹോസ്പിറ്റല്‍, കലക്ടറേറ്റ്, സ്റ്റേഡിയം, പഴയ ബസ് സ്റ്റാന്‍ഡ്, മുനീശ്വരന്‍ കോവില്‍, പ്ലാസ ജംഗ്ഷന്‍, ധനലക്ഷ്മി ആശുപത്രി എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക.

മേയര്‍, ഡെപ്യൂട്ടി മേയര്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍, കൗണ്‍സലര്‍മാര്‍, സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ശുചീകരണത്തില്‍ പങ്കാളികളാകും. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, രണ്ട് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ക്കാണ്  ഓരോ കേന്ദ്രത്തിലും ശുചീകണ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനുള്ള ചുമതല. ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിനത്തില്‍ കോര്‍പറേഷന്റെ വിവിധ സ്ഥലങ്ങളില്‍ വൃക്ഷ തൈ നടാനും തീരുമാനിച്ചിട്ടുണ്ട്.

യോഗത്തില്‍ ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍  അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് അധ്യക്ഷനായി. ഡെപ്യൂട്ടി മേയര്‍ കെ ശബീന, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സുരേഷ് ബാബു എളയാവൂര്‍, സിയാദ് തങ്ങള്‍, ഷമീമ ടീച്ചര്‍ കൗണ്‍സലര്‍ മുസ്ലിഹ് മഠത്തില്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഇന്‍ചാര്‍ജ് മനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.