കോവിഡ് രോഗലക്ഷണങ്ങളായ പനി, ചുമ, ശ്വാസതടസ്സം, ക്ഷീണം, ശരീരവേദന, ഗന്ധം തിരിച്ചറിയാതിരിക്കല്‍, വയറിളക്കം തുടങ്ങിയവ അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ ആര്‍.ആര്‍.ടി മെമ്പര്‍മാര്‍, ആശ പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരെ വിവരം ധരിപ്പിക്കുകയും ഉടന്‍തന്നെ പരിശോധനയ്ക്ക് വിധേയമാവുകയും ചെയ്യണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രോഗം ഗുരുതരമായി മരണത്തിലേക്ക് നയിക്കപ്പെടുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കാന്‍ രോഗലക്ഷണങ്ങളുള്ളവര്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണം. കോവിഡ് പോസിറ്റീവായവരുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ അക്കാര്യം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുകയും പരിശോധനയ്ക്ക് വിധേയമാവുകയും പോസിറ്റീവായാല്‍ ക്വാറന്റയിനില്‍ പോവുകയും ചെയ്യണം. ഇതുവഴി രോഗവ്യാപനം ഇല്ലാതാക്കാനും രോഗസാധ്യത കൂടുതലുള്ളവരെ സംരക്ഷിക്കാനും കഴിയും. ഹോം ക്വാറന്റൈനില്‍ കഴിയുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. വീടിനുള്ളില്‍ സ്വന്തമായി ബാത്റൂം സൗകര്യം ഇല്ലാത്തവര്‍ തൊട്ടടുത്ത പഞ്ചായത്ത് തല കെയര്‍ സെന്ററുകളിലേക്ക് മാറി സ്വന്തം കുടുംബാംഗങ്ങള്‍ക്ക് രോഗം പകരുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. അപായ സൂചനകളായ വിഭ്രാന്തി, മയക്കം, നെഞ്ചുവേദന, രക്തം തുപ്പല്‍, നെഞ്ചിടിപ്പ്, ശ്വാസംമുട്ടല്‍, അബോധാവസ്ഥ, തുടര്‍ച്ചയായ പനി, പള്‍സ് ഓക്സീ മീറ്ററില്‍ ഓക്സിജന്റെ അളവ് 94-ല്‍ കുറയുക, സാധാരണ താപനിലയില്‍ ഹൃദയമിടിപ്പ് 90-ല്‍ കൂടുക തുടങ്ങിയവ ന്യൂമോണിയ മുതലായ രോഗ സങ്കീര്‍ണ്ണതകളുടെ ലക്ഷണമാകാം. ഇവ ഉണ്ടായാല്‍ ഉടന്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് കോവിഡ് ആശുപത്രികളിലേക്ക് മാറണം. പ്രമേഹം, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, ഹൃദ്രോഗം, വൃക്കരോഗം, മറ്റ് ജീവിതശൈലീ രോഗങ്ങള്‍ തുടങ്ങിയവ കാണപ്പെടുന്നവര്‍ രോഗസ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ഉറപ്പുവരുത്തണം. വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ ടെലി മെഡിസിന്‍, ഇ-സഞ്ജീവനി സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി ആവശ്യമായ ചികിത്സ യഥാസമയം ഉറപ്പുവരുത്തണം.