പ്രതിദിനം 55 വാര്‍ഡുകളില്‍ കോവിഡ് പരിശോധന

കാസർഗോഡ്: കോവിഡ് പരിശോധന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പ്രതിദിനം ജില്ലയിലെ 55 വാര്‍ഡുകള്‍ വീതം തെരഞ്ഞെടുത്ത് ഒരോ വാര്‍ഡിലെയും 75 പേരെ വീതം കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കാന്‍ ജില്ലാതല കൊറോണ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജില്ലയില്‍ ആകെ 777 വാര്‍ഡുകളാണുള്ളത്. 14 ദിവസത്തില്‍ ഒരിക്കല്‍ വീണ്ടും പരിശോധന നടത്തും. ഇത്തരത്തില്‍ ദിവസവും 4125 കോവിഡ് പരിശോധന നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത്ത് ബാബു പറഞ്ഞു. ജില്ല ഇപ്പോഴും സുരക്ഷിതമായിട്ടില്ലെന്നും ജനങ്ങള്‍ അനാവശ്യ യാത്രകള്‍ പൂര്‍ണമായി ഒഴിവാക്കുകയും സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുകയും വേണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതു പോലെ ജില്ലയില്‍ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ മാറ്റങ്ങളില്ലാതെ തുടരുകയാണെന്നും കളക്ടര്‍ പറഞ്ഞു.

യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അധ്യക്ഷത വഹിച്ചു. എ ഡി എം അതുല്‍ എസ് നാഥ്, സബ് കളക്ടര്‍ ഡി ആര്‍ മേഘശ്രീ, ഡി എം ഒ കെ ആര്‍ രാജന്‍, ഡപ്യൂട്ടി ഡി എം ഒ ഡോ.എ.വി.രാംദാസ്, ജില്ലാ സപ്ലൈ ഓഫീസര്‍ കെ എന്‍ ബിന്ദു, ഫിനാന്‍സ് ഓഫീസര്‍ കെ സതീശന്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ മീനാറാണി, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ഷീബാ മുംതാസ്, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ സി.എ. ബിന്ദു മറ്റ് കോര്‍ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.