ആലപ്പുഴ: മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രാദേശിക തലത്തിൽ വിവിധ നടപടികളുമായി ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ. ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത് സംബന്ധിച്ച് ജില്ല പഞ്ചായത്ത്, പഞ്ചായത്ത് ഉപഡയറക്ടർ, ശുചിത്വ മിഷൻ എന്നിവർ പഞ്ചായത്തുകൾക്ക് ആവശ്യമായ മാർഗ്ഗ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ജൂൺ നാല്, അഞ്ച്, ആറ് തിയതികളിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുക. നാലിന് തൊഴിൽ ഇടങ്ങൾ, അഞ്ചിന് പൊതു ഇടങ്ങൾ, ആറിന് വീടും പരിസവും എന്നിങ്ങനെയാണ് ശുചിയാക്കുന്നത്. കോവിഡ് കാലമായതിനാൽ സാമൂഹിക അകലം ഉൾപ്പടെയുള്ള കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് ശുചീകരണ പ്രവർത്തനങ്ങൾ. വാർഡ്തല മോണിറ്ററിങ് സമിതി, ശുചിത്വ ആരോഗ്യ സമിതി, രാഷ്ട്രീയ- യുവജന- തൊഴിലാളി സംഘടനകൾ, സന്നദ്ധപ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ആശാ പ്രവർത്തകർ, ആരോഗ്യപ്രവർത്തകർ, സന്നദ്ധപ്രവർത്തകർ, വ്യാപാരി വ്യവസായി സംഘടനകൾ, ക്ലബ്ബുകൾ, റെസിഡന്റ്സ് അസോസിയേഷൻ എന്നിവരെ എകോപിപ്പിച്ചാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. പല സ്ഥലങ്ങളിലും വാർഡുകളിലേക്ക് അണുനശീകരണത്തിന് ആവശ്യമായ സ്പ്രേയും ബ്ലീച്ചിങ് പൗഡറും നൽകിയിട്ടുണ്ട്. ജില്ലയിലെ 12 ബ്ലോക്ക് പഞ്ചായത്തുകൾ, ആറ് നഗരസഭകൾ, 72 പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ വാർഡുതലത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കും.
ആര്യാട് പഞ്ചായത്തിലെ മെഗാ ശുചീകരണ യജ്ഞം ഇന്ന് (ജൂൺ 4) രാവിലെ 10.30 ന് എ.എം. ആരിഫ് എംപി ഉദ്ഘാടനം ചെയ്യും. അഞ്ചിന് പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി എല്ലാ വാർഡുകളിലും 250 വൃക്ഷത്തൈകൾ നടും. വൃക്ഷത്തൈ നടീലിൻറെ ഉദ്ഘാടനം പി.പി. ചിത്തരഞ്ജൻ എംഎൽഎ നിർവഹിക്കും.
മുതുകുളം ബ്ലോക്ക് പഞ്ചായത്തിലെ ദേവികുളങ്ങര ഗ്രാമപഞ്ചായത്തിലെ പൊതു സ്ഥലങ്ങൾ വൃത്തിയാക്കുന്നതിൻറെ ഉദ്ഘാടനം ജൂൺ അഞ്ചിന് രാവിലെ ഒൻപത് മണിക്ക് എട്ടാം വാർഡിൽ യു പ്രതിഭ എം.എൽ. എ നിർവ്വഹിക്കും.
പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിൽ എല്ലാ ഡിവിഷനിലെയും ബ്ലോക്ക് അംഗങ്ങളുടെ നേതൃത്വത്തിൽ അതാത് പരിധിയിലുള്ള പ്രദേശങ്ങൾ ശുചീകരിച്ച് വൃക്ഷത്തൈകൾ നടും. ബ്ലോക്കിലെ സാംസ്കാരിക സംഘടനയുടെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി ഓൺലൈണിലൂടെ കലാ സാംസ്കാരിക പരിപാടിയും ജൂൺ അഞ്ചിന് നടക്കും.
അരൂർ ഗ്രാമപഞ്ചായത്തിലെ ഓരോ വാർഡുകളിലെയും തോടുകളും നീരുറവകളും ശുചീകരിക്കുന്നതിനായി 22 ലക്ഷം രൂപ പഞ്ചായത്ത് ഫണ്ടിൽനിന്ന് നീക്കിവെച്ചിട്ടുണ്ട്. ഇതിനുപുറമേ ശുചിത്വമിഷനിൽ നിന്നും അനുവദിച്ച ഫണ്ടും വാർഡുകളിലേക്ക് ശുചീകരണ പ്രവർത്തനങ്ങൾക്കായി നൽകിയിട്ടുണ്ട്. തുറവൂരിൽ ശുചീകരണ പ്രവർത്തനത്തിനായി പഞ്ചായത്തിലെ 18 വാർഡുകളിലേക്ക് 15000 രൂപ പഞ്ചായത്ത് വക തുക അനുവദിച്ചിട്ടുണ്ട്.
തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ പരിസ്ഥിതി ദിനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പരിസരം വൃത്തിയാക്കി ഫലവൃക്ഷതൈ നടും. പെരുമ്പളം പഞ്ചായത്തിൽ പുഴക്കരയിൽ വന്നടിയുന്ന പ്ലാസ്റ്റിക് കുപ്പികളും പ്ലാസ്റ്റിക് സാധനങ്ങളും നീക്കം ചെയ്യാനുള്ള ക്യാമ്പയിൻ നടത്തും.