തൊടുപുഴ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂണ്‍ 5 ന് ഔഷധ സസ്യങ്ങളുടെയും ആയുര്‍വേദ ഔഷധ മൂലികകളുടെയും പ്രദര്‍ശനം സംഘടിപ്പിക്കും. കോവിഡ് 19 ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ഉപയോഗിക്കാവുന്ന ആയുര്‍വേദ ഔഷധങ്ങളാണ് പ്രധാനമായും ഒരുക്കിയിരിക്കുന്നത്.രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി ഫിലിപ്പ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. പരിശീലനം സിദ്ധിച്ച ഡോക്ടര്‍മാരും മറ്റ് ജിവനക്കാരുമാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. ഔഷധങ്ങളെ തിരിച്ചറിയുവാനും കൃഷി ചെയ്യുവാനും തക്കവണ്ണം പരിചയപ്പെടുത്തുക, ഉപയോഗ ക്രമങ്ങളെപ്പറ്റി പൊതുജനങ്ങള്‍ക്ക് ശാസ്ത്രീയ അവബോധം നല്‍കുക എന്നിവയാണ് പ്രദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍.
ഇതോടൊപ്പം ജിവിതശൈലി രോഗങ്ങളുടെയും പകര്‍ച്ച വ്യാധികളുടെയും പ്രതിരോധത്തിനാവശ്യമായ ദിനചര്യകള്‍ ഉള്‍പ്പെടുന്ന വീഡിയോ പ്രദര്‍ശനവും ഉള്‍കൊള്ളിച്ചിട്ടുണ്ട്. നാഗാര്‍ജുന ഹെര്‍ബല്‍ കോണ്‍സന്‍ട്രേറ്റുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന പ്രദര്‍ശനത്തില്‍ ഭാരതിയ ചികിത്സാവകുപ്പിന്റെ ആയുര്‍രക്ഷാ ക്ലിനിക്കിലെ പ്രധാന ഔഷധങ്ങളായ അപരാജിത ധൂപം, ഷഡംഗം കഷായം മുതലായ ഓഷധങ്ങളുടെ കൂട്ടുകളും നിര്‍മ്മാണ വിധിയും ഉപയോഗക്രമവുമെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. കര്‍ശനമായ കോവിഡ് 19 നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും പ്രദര്‍ശനം നടക്കുന്നതെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.