ആലപ്പുഴ: സഹകരണ വകുപ്പിന്റെ ‘ഹരിതം സഹകരണം’ പദ്ധതിയുടെ ഭാഗമായി ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് സഹകരണ സംഘങ്ങളിലൂടെ 1 ലക്ഷം പുളിമരം തൈകൾ നടുന്ന പദ്ധതിക്ക് ഫിഷറീസ് സാംസ്കാരിക യുവജന ക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാൻ തുടക്കം കുറിച്ചു. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പുലിയൂർ സർവീസ് സഹകരണ ബാങ്ക് അങ്കണത്തിൽ വൃക്ഷതൈ നട്ടുകൊണ്ടാണ് മന്ത്രി നിര്‍വഹിച്ചത്. കേരളത്തിന്റെ പരിസ്ഥിതി സന്തുലനാവസ്ഥ നിലനിര്‍ത്താനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനും ഏറെ പ്രയോജനപ്പെടുന്ന പദ്ധതിയാണ് സഹകരണ വകുപ്പ് ഏറ്റെടുത്തിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പദ്ധതിയുടെ തുടര്‍ച്ചയായി പ്ലാവ്, കശുമാവ്,

തെങ്ങ്, പുളി, മാവ് എന്നീ ഫല വൃക്ഷങ്ങളാണ് വച്ച് പിടിപ്പിക്കുന്നത്. താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ അംഗം അഡ്വ.എം ശശികുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള ബാങ്ക് ഭരണസമിതി അംഗം സത്യപാലൻ മുഖ്യാതിഥിയായി. സഹകരണ ജോയിൻറ് ഡയറക്ടർ ശ്രീവത്സൻ, ജില്ലാ പഞ്ചായത്ത് അംഗം വത്സല മോഹൻ, പഞ്ചായത്ത് പ്രസിഡൻറ് എം ജി ശ്രീകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം സുജാ രാജീവ്, പഞ്ചായത്തംഗം പി കെ ഗോപാലകൃഷ്ണൻ എന്നിവരും ഉദ്യോഗസ്ഥരും പ്രസംഗിച്ചു.