ആലപ്പുഴ: പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പട്ടണക്കാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ കാറ്റാടി മരങ്ങൾ നട്ട് തീരം കാക്കൽ പദ്ധതിക്ക് തുടക്കം കുറിച്ച് പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത്. പട്ടണക്കാട് ഗ്രാമപഞ്ചായത്ത് അംഗം പി. കെ. ബിനോയ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പട്ടണക്കാട് പഞ്ചായത്തിലെ അന്ധകാരനഴിയിലെ തീരപ്രദേശത്താണ് കാറ്റാടിമരങ്ങള്‍ നട്ട് ജൈവസംരക്ഷണ ഭിത്തി ഒരുക്കുന്നത്. ആദ്യഘട്ടത്തിൽ 100 കാറ്റാടി തൈകളാണ് നട്ടുപിടിപ്പിച്ചത്. തൊഴിലുറപ്പിൽ ഉൾപ്പെടുത്തി പദ്ധതി കൂടുതൽ വിപുലപ്പെടുത്തും.

കടലാക്രമണം ഒരു സ്ഥിരം പ്രശ്‌നമായ തീരപ്രദേശത്ത് കാറ്റാടിമരങ്ങള്‍ നടുന്നതിലൂടെ കടലാക്രമണവും മണ്ണൊലിപ്പും തടയാനും തീരദേശവാസികളുടെ സുരക്ഷയുമാണ് ലക്ഷ്യം വയ്ക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ ജോലിക്കും ഉപകരണം സൂക്ഷിക്കുന്നതിനും മത്സ്യം ഉണക്കുന്നതിനും തടസ്സം വരാത്ത വിധമാണ് മരങ്ങള്‍ നടുന്നത്. പട്ടണക്കാട് ബ്ലോക്കിൽ കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതി ദിനാചരണ പരിപാടി ദലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ തദ്ദേശ സ്ഥപാനങ്ങളിൽ നടന്ന പരിപാടികൾക്ക് അതത് തദ്ദേശ സ്ഥാപന അധ്യക്ഷന്മാർ നേതൃത്വം നൽകി.