പാലക്കാട് ജില്ലയിലെ ഷൊർണൂർ മുനിസിപ്പാലിറ്റിയിൽപെട്ട ഏകദേശം 400 പ്ലോട്ടുകൾ കേരള നെൽവയൽ നീർത്തട സംരക്ഷണ നിയമ പ്രകാരം തയ്യാറാക്കിയ ഡാറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കിക്കൊണ്ട് ഷൊർണൂർ മുനിസിപ്പാലിറ്റി വിജ്ഞാപനം പുറപ്പെടുവിച്ചതിനെക്കുറിച്ച് അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് കാർഷികോല്പാദന കമ്മീഷണറെ ചുമതലപ്പെടുത്തി ഉത്തരവ് നൽകി.
ഏപ്രിൽ 21 നാണ് ഷൊർണൂർ മുനിസിപ്പൽ സെക്രട്ടറി വിജ്ഞാപനം ഇറക്കിയത്.
നിലവിലെ സർക്കാർ ഉത്തരവ് പ്രകാരം കൃഷി വകുപ്പ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആർ.ഡി.ഒയ്ക്ക് മാത്രമേ കൃഷി ഭൂമിയെ ഡാറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കുന്നതിന് അധികാരമുള്ളൂ എന്നിരിക്കെ കെ.എസ്.ആർ.ഇ.സി ( കേരള സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് ആൻഡ് എൻവിറോണ്മെന്റ് സെന്റർ) തയ്യാറാക്കിയ ഉപഗ്രഹ ചിത്രത്തിന്റെയും പ്രാദേശിക സമിതി യോഗ തീരുമാനത്തിന്റെയും അടിസ്ഥാനത്തിൽ ഷൊർണൂർ മുൻസിപ്പൽ സെക്രട്ടറി ഡാറ്റാ ബാങ്ക് തിരുത്തിക്കൊണ്ട് ഉത്തരവ് ഇറക്കിയ സാഹചര്യത്തിലാണ് മന്ത്രി അന്വേഷണത്തിന് ഉത്തരവ് നൽകിയത്.