തൃശ്ശൂർ: ആദിവാസി മേഖലകളിലടക്കം അർഹരായ എല്ലാവർക്കും പട്ടയം നൽകുമെന്ന് റവന്യൂ മന്ത്രി അഡ്വ കെ. രാജൻ. പീച്ചി വൈൽഡ് ലൈഫ് ഡിവിഷൻ സംഘടിപ്പിച്ച വിവിധ പരിപാടികളുടെ ഉദ്ഘാടനം നിർച്ചവഹിക്കുകയായിരുന്നു മന്ത്രി.പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട തടസ്സങ്ങൾ വേഗത്തിൽ പരിഹരിക്കും.

ആവശ്യമെങ്കിൽ നിയമ ഭേദഗതി ചെയ്യുന്നതിനുള്ള ഇടപെടലുണ്ടാകും.
കയ്യേറ്റങ്ങൾക്ക് എതിരെ കർശന നടപടി ഉണ്ടാകും. ഒളകരയുൾപ്പെടെയുള്ള വനമേഖലകളിലെ ഭൂപ്രശ്നം വേഗത്തിൽ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. ഓഫീസ് വളപ്പിൽ മന്ത്രി വൃക്ഷത്തൈ നട്ടു. മണിയൻ കിണർ, എച്ചിപ്പാറ, ഒളകര, കാക്കിനിക്കാട് ഊരുകളിലെ 175 കുടുംബങ്ങൾക്ക് കോവിഡ് പ്രതിരോധ കിറ്റുകളുടെ വിതരണം. വിവിധ ഊരുകളിലെ 140 വിദ്യാർത്ഥികൾക്കുള്ള പഠന സാമഗ്രികളുടെ വിതരണം, 82 കുടുംബങ്ങൾക്കുള്ള സൗരോർജ വിളക്കുകളുടെ വിതരണം, വിദ്യാർത്ഥികൾക്കുള്ള മൊബൈൽ ഫോണുകൾ വിതരണം ചെയ്യൽ എന്നിവയും മന്ത്രി നിർവഹിച്ചു.

പാണാഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ , ജനപ്രതിനിധികളായ കെ.കെ രമേഷ്, ഷൈജു കുര്യൻ, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ. വിജയാനന്ദൻ , വൈൽഡ് ലൈഫ് വാർഡൻ എൻ. രാജേഷ്, വിവിധ ഊരുകളുടെ മൂപ്പൻമാർ , ഊരു പ്രതിനിധികൾ, വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.