തൃശ്ശൂർ: ഹരിത സന്ദേശം പകര്‍ന്ന് ലോക പരിസ്ഥിതി ദിനാചരണം നടന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആനുകാലിക പ്രസക്തി ഉള്‍ക്കൊണ്ട് നടത്തിയ ദിനാചരണത്തിന് ജില്ലയിലെ ജനപ്രതിനിധികള്‍ നേതൃത്വം നല്‍കി. വടക്കുംനാഥ ക്ഷേത്രത്തിലെ പ്രശസ്തമായ ഔഷധത്തോട്ടത്തില്‍, നീര്‍മരുത് പതിമുഖം, ആടലോടകം, പേരാല്‍, ഞാവല്‍, പലക, പച്ചാനി എന്നീ വൃക്ഷതൈകള്‍ നട്ട് റവന്യൂ മന്ത്രി കെ രാജന്‍ പരിസ്ഥിതി ദിന പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.

രാവിലെ 10 മണിക്ക് ശ്രീ കേരളവര്‍മ്മ കോളേജ് ക്യാമ്പസില്‍ ലോക പരിസ്ഥിതി ദിനത്തിന്റെ ജില്ലാതല ദിനാചരണം ഔദ്യോഗികമായി മന്ത്രി ഉദ്ഘാടനം ചെയ്തു. കേരള വര്‍മ്മ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ഥികളും ജനപ്രതിനിധികളുമായ മന്ത്രി കെ രാജന്‍, തൃശൂര്‍ എംഎല്‍എ പി ബാലചന്ദ്രന്‍, മുന്‍ കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍, പൂങ്കുന്നം കൗണ്‍സിലര്‍ ആതിര വി, തുടങ്ങിയവര്‍ ക്യാമ്പസ് കാലഘട്ടത്തിലെ പരിസ്ഥിതിദിനാചരണത്തിന്റെ ഓര്‍മ്മകള്‍ പങ്കിട്ടു.

കാമ്പസിലെ മരച്ചുവടുകളില്‍ കിടന്നുറങ്ങിയത് മുതല്‍ ഊട്ടി എന്ന് വിളിക്കുന്ന കേരളവര്‍മ്മയുടെ ഉള്‍വനത്തിന്റെ തണലിലിരുന്ന് നടത്തിയ രാഷ്ട്രീയ ചര്‍ച്ചകളുടെ ഓര്‍മകള്‍ മന്ത്രി പങ്കുവെച്ചു. കേരളവര്‍മ്മ ക്യാമ്പസ് സാക്ഷ്യംവഹിച്ച പാരിസ്ഥിതിക സമരങ്ങളില്‍ പങ്കാളിയായ കഥ പറഞ്ഞാണ് എം എല്‍ എ പി.ബാലചന്ദ്രന്‍ ഓര്‍മകള്‍ പങ്കുവെച്ചത്. ജില്ലാ ഫോറസ്റ്റ് വിഭാഗം തയ്യാറാക്കിയ പച്ചപ്പ് സംരക്ഷിക്കാനുള്ള വിവിധ പദ്ധതികളും മന്ത്രിക്ക് കൈമാറി. ഹരിത പുനര്‍ജനി’ എന്ന ഇക്കോളജിക്കല്‍ പദ്ധതി പൂവരശ് എന്ന ജൈവ ഇനത്തിന്റെ സാധ്യതകളെ പറ്റിയായിരുന്നു. കടല്‍ക്ഷോഭം ചെറുക്കാന്‍ ഈ സസ്യവിഭാഗത്തിന് കഴിയും.

വടക്കുംനാഥക്ഷേത്രത്തില്‍ ട്രീമാപ്പ് നടത്തിയ വൃക്ഷങ്ങളുടെ ആധികാരിക പഠനഫലം മുന്‍ കണ്‍വീനര്‍ എം പി സുരേന്ദ്രന്‍ മന്ത്രിക്ക് കൈമാറി. തൃശൂര്‍ നഗരസഭ മേയര്‍ എം കെ വര്‍ഗീസ്, പൂങ്കുന്നം ഡിവിഷന്‍ കൗണ്‍സിലര്‍ ആതിര വി, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വി നന്ദകുമാര്‍, ജില്ലാ ഫോറസ്റ്റ് വകുപ്പ്, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പരിപാടിയില്‍ പങ്കെടുത്തു.