കോഴിക്കോട്: ഗ്രീൻ ക്ലീൻ കേരള ഹരിതോത്സവം-21(സപ്ത വാരാചരണം)പ്രഖ്യാപനം വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ കോഴിക്കോട് ഗസ്റ്റ്ഹൗസിൽ നിർവഹിച്ചു.

ജൂൺ 5 ലോക പരിസ്ഥിതി ദിനം മുതൽ ജൂലൈ 28 പ്രകൃതിസംരക്ഷണ ദിനം വരെയുള്ള ഏഴ് ആഴ്ചകളിൽ നമ്മുടെ വീടും പരിസരവും നാടും സമ്പൂർണ്ണ മാലിന്യ മുക്തവും ഹരിതാഭവുമാക്കാൻ വിദ്യാർഥികൾക്കും സന്നദ്ധ സംഘടനകൾക്കും റെസിഡൻസ് അസോസിയേഷനുകൾക്കും സ്വന്തം വീട്ടിലും നാട്ടിലും നടപ്പിലാക്കാൻ കഴിയുന്ന
പ്രത്യേക ആക്ഷൻ പ്ലാനുകളും ഹരിത കലാ മത്സരങ്ങളും പരിശീലനവും ചേർന്ന പദ്ധതിയാണ് ഹരിതോത്സവം. ഇതിന്റെ ഭാഗമായാണ് പരിസ്ഥിതി ദിനത്തിൽ നടുന്ന വൃക്ഷത്തൈകൾ തുടർന്ന് പരിപാലിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്തുന്നതിനായി ഓരോ മൂന്നു മാസത്തെയും വളർച്ച പ്രകടമാകുന്ന ഫോട്ടോ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യാൻ ആവശ്യപ്പെടുന്നത്. ഇങ്ങനെ ചെയ്യുന്നവരിൽ നിന്നും ഭാഗ്യശാലികളായവർക്ക് സമ്മാനം ലഭിക്കും.

കേരളത്തിൽ നിന്നും ഒരു കോടി വൃക്ഷത്തൈകൾ സംരക്ഷിച്ച് അതിന്റെ ഓരോ മൂന്നു മാസത്തെയും വളർച്ച പ്രകടമാകുന്ന  ഫോട്ടോ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച് ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി വിഭാഗമായ യുണെറ്റഡ് നാഷൻസ് എൻവിറോൺമെന്റൽ പ്രോഗ്രാമി (യു. എൻ. ഇ. പി.) ലേക്ക് കേരളത്തിന്റെ സംഭാവനയായി സമർപ്പിക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയിൽ പരിസ്ഥിതി ദിനത്തിൽ കേരളത്തിൽ തൈകൾ നട്ട എല്ലാ വ്യക്തികളും വിദ്യാലയങ്ങളും സംഘടനകളും
പങ്കെടുക്കണമെന്ന് മന്ത്രി പറഞ്ഞു.

സ്വർണനാണയങ്ങൾ, ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സൗജന്യ പെട്രോൾ കാർഡുകൾ, ഫലവൃക്ഷത്തൈകൾ, സ്മാർട്ട് ഫോണുകൾ തുടങ്ങിയ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. ഗ്രീൻ ക്ലീൻ കേരള എന്ന യൂട്യൂബ് ചാനലിലൂടെ ഓരോ ദിവസവും പ്രത്യേകം നറുക്കെടുപ്പും സമ്മാന വിതരണവും നടക്കും.

കോഴിക്കോട് ജില്ലാ പഞ്ചായത്തിന് 2019 ൽ നൽകിയ 279 തൈകളിൽ 175 എണ്ണം സംരക്ഷിച്ച് 63% അതിജീവനം തെളിയിച്ചതിന്
ചെറിയ കുമ്പളം റസിഡൻസ് അസോസിയേഷനും കുറ്റ്യാടി ഹയർ സെക്കൻഡറി സ്കൂളിലെ
എൻ.എസ്.എസ്. വളണ്ടിയർമാരായ തൻഹ, ഷിബിൽ എന്നീ വിദ്യാർത്ഥികൾക്കും സ്വർണനാണയങ്ങളും ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സൗജന്യ പെട്രോൾ കാഡുകളും
മന്ത്രി സമ്മാനിച്ചു.

കാനത്തിൽ ജമീല എംഎൽഎ , ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പി. ശിവാനന്ദൻ, ഗ്രീൻ ക്ലീൻ കേരള ചെയർമാൻ ബാബു പറശ്ശേരി, കൺവീനർ മുഹമ്മദ് ഇഖ്ബാൽ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ മാനേജർമാരായ അരുൺകുമാർ, അമൽജിത്ത്, മുഹമ്മദ് ഷാഹിൻ, പ്രഫസർ ശോഭീന്ദ്രൻ,
സ്കൗട്ട് ആൻഡ് ഗൈഡ് സ്റ്റേറ്റ്
ഓർഗനൈസർ ഷീല ജോസഫ്, ചെറിയ കുമ്പളം റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് പി.കെ.റിയാസ്, സൽമാൻ മാസ്റ്റർ, സതീഷൻ കോറോത്ത് തുടങ്ങിയവർ പങ്കെടുത്തു.