കോട്ടയം: പരിസ്ഥിതിയുടെ വീണ്ടെടുപ്പ് ലക്ഷ്യമിട്ടാണ് സഹകരണ വകുപ്പ് ഹരിതം സഹകരണം പദ്ധതി നടപ്പാക്കുന്നതെന്ന് സഹകരണ-രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. ലോക പരിസ്ഥിതി ദിനത്തില്‍ ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷം പുളിമരത്തൈകള്‍ നട്ടു പരിപാലിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഏറ്റുമാനൂര്‍ വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

പച്ചപ്പും ജലസ്രോതസുകളും മനുഷ്യര്‍തന്നെ നശിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന് ജാഗ്രതയോടെയുള്ള ഇടപെടല്‍ അനിവാര്യമാണ്. സംസ്ഥാനവ്യാപകമായി വിപുലമായ ശൃംഖലയുള്ള സഹകരണ മേഖലയ്ക്ക് അഞ്ചു വർഷം കൊണ്ട് അഞ്ചു ലക്ഷം മരങ്ങള്‍ എന്ന ലക്ഷ്യം ജനപങ്കാളിത്തത്തോടെ നേടാനാകും-അദ്ദേഹം പറഞ്ഞു.

ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സഹകരണ സംഘം രജിസ്ട്രാര്‍ പി.ബി. നൂഹ് പരിസ്ഥിതി ദിന സന്ദേശം നല്‍കി.

സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് കൃഷ്ണൻ നായര്‍, കോട്ടയം താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കെ.എം. രാധാകൃഷ്ണന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ രശ്മി ശ്യാം, ഏറ്റുമാനൂര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് എന്‍.ബി. തോമസ്, വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു, സഹകരണ വകുപ്പ് അഡീഷണല്‍ രജിസ്ട്രാര്‍ എം. ബിനോയ് കുമാര്‍, ജോയിന്റ് രജിസ്ട്രാര്‍ എസ്. ജയശ്രീ, ഏറ്റുമാനൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വര്‍ക്കി ജോയി എന്നിവര്‍ പങ്കെടുത്തു