സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ കർഷകരിൽ നിന്നും സംഭരിക്കുന്ന നെല്ലിന്റെ അളവിൽ ക്രമാനുഗതമായ വർധനവ്. ഓരോവർഷവും രജിസ്റ്റർ ചെയ്യപ്പെടുന്ന കർഷകരുടെയും സംഭരിക്കുന്ന നെല്ലിന്റെയും അളവ് കൂടിവരുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2018-2019 കാലയളവിൽ 2,10,286 കർഷകരിൽ നിന്നും 6.93 ലക്ഷം മെട്രിക് ടൺ നെല്ലാണ് സംഭരിച്ചതെങ്കിൽ 2019-2020 ആയപ്പോഴേയ്ക്കും 7.09 ലക്ഷം മെട്രിക് ടണ്ണായി വർദ്ധിച്ചു. 2021 ജൂൺ 30ന്  അവസാനിക്കുന്ന നടപ്പ് സംഭരണ വർഷത്തിൻ ഇതു വരെ 7.29 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിക്കുവാൻ കഴിഞ്ഞു. 7.50 ലക്ഷം മെട്രിക് ടൺ നെല്ലെങ്കിലും നടപ്പ് വർഷത്തിൽ സംഭരിക്കുവൻ കഴിയുമെന്നാണ് അറിയിച്ചിട്ടുള്ളത്.

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ 2006 മുതൽ സപ്ലൈകോ കർഷകരിൽ നിന്നും നെല്ല് സംഭരിച്ചുവരുന്നു.
കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുന്ന ഗുണനിലവാരത്തിലും തറവിലയുടെയും  അടിസ്ഥാനത്തിലാണ് നെല്ല് സംഭരിക്കുന്നത്. ഭക്ഷ്യ-പൊതുവിതരണവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സപ്ലൈകോയുമായി കരാറിൽ ഏർപ്പെടുന്ന മില്ലുകൾ വഴിയാണ് സംഭരണം സാധ്യമാകുന്നത്. 53 മില്ലുകളാണ് സപ്ലൈക്കോയുമായി കരാറിൽ ഏർപ്പെട്ടിട്ടുള്ളത്. സപ്ലൈകോ ഒരു കിലോ നെല്ല് 27.48 രൂപയ്ക്കാണ് സംഭരിക്കുന്നത്. ഇതിൽ 18.68 രൂപ കേന്ദ്രവിഹിതവം 8.80 രൂപ സംസ്ഥാന സർക്കാർ വിഹിതവുമാണ്. സംസ്ഥാനസർക്കാരിന്റെ വിഹിതം 52 പൈസ വർധിപ്പിച്ചതിനാൽ അടുത്ത സീസൺ മുതൽ നെല്ലിന് 28 രൂപ വില നൽകും.

നെല്ല് സംഭരണത്തിനായി supplycopaddy.in എന്ന വെബ്‌സൈറ്റിലൂടെ കർഷകർക്ക് പേര് രജീസ്റ്റർ ചെയ്യാവുന്നതാണ്. 5ഏക്കർ വരെയുള്ള വ്യക്തിഗത കൃഷിക്കാരുടെ പക്കൽ നിന്നും, 25 ഏക്കർ വരെയുള്ള ഗ്രൂപ്പുകളിൽ നിന്നും നെല്ല്  സംഭരിക്കുന്നു. സംഭരിക്കുന്ന നെല്ലിന് സപ്ലൈകോയ്ക്കവേണ്ടി ഇതിനായി തെരഞ്ഞെടുക്കപ്പെട്ട മില്ലുകൾ കർഷകന്  PRS (Paddy Receipt Sheet)  നൽകുന്നു. തുടർന്ന് പാഡി മാർക്കറ്റിംഗ്  ഓഫിസർ PRS  അംഗീകരിക്കുകയും ഇത്തരത്തിൽ അംഗീകരിക്കപ്പെട്ട   PRS ൽ പറഞ്ഞിരിക്കുന്ന തുക സപ്ലൈകോയുമായി  MOU  നിലവിലുള്ള ബാങ്കുകൾ ലോണായി കർഷകർക്ക് നൽകുന്നു. ഇത്തരത്തിൽ സമയബന്ധിതമായിതന്നെ നെല്ലിന്റെ വില കർഷകന് ലഭ്യമാകുന്നു. ഈ സീസണിൽ  (2020-2021) നാളിതുവരെ 2.23 ലക്ഷം കർഷകരിൽ നിന്നും സംഭരിച്ച 7.07 ലക്ഷം മെട്രിക് ടൺ നെല്ലിന്റെ വിലയായ 1519.06 കോടി രൂപ നൽകി കഴിഞ്ഞു.