കാസർഗോഡ്: നബാര്‍ഡ് ആര്‍ ഐ ഡിഎഫ് പദ്ധതിയില്‍ നിര്‍മിക്കുന്ന പാലായി വളവ് റെഗുലേറ്റര്‍ കം ബ്രിഡ്ജ് മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിഭാഗം ഷട്ടറുകളുടെ പ്രവര്‍ത്തനക്ഷമത ടെസ്റ്റു ചെയ്യുവാനുള്ള ട്രയല്‍ റണ്‍ ജൂണ്‍ 11, 12 തീയതികളില്‍ നടക്കും. ഷട്ടറിന്റെ മുകള്‍ ഭാഗത്തും താഴെയും ഇരുകരകളിലുമുള്ള തീരദേശ വാസികളും ഈ മേഖലയില്‍ മത്സ്യ ബന്ധനം നടത്തുന്നവരും ട്രയല്‍ റണ്‍ ദിവസങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ പി.രമേശന്‍ അറിയിച്ചു.

റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ എല്ലാ റഗുലേറ്റിങ് ഷട്ടറുകളും താഴ്ത്തുകയും ജലസംഭരണം പൂര്‍ണമായതിനു ശേഷം തുറന്നു വിടുകയുമാണ് ട്രയല്‍ റണ്ണില്‍ ചെയ്യുന്നത്. ജലം സംഭരിക്കുമ്പോള്‍ മേല്‍ഭാഗങ്ങളില്‍ ജലവിതാനം ഉയരുന്നതും ഷട്ടര്‍ തുറക്കുമ്പോള്‍ താഴ്ഭാഗത്ത് ജലവിതാനം ഉയരുന്നതും കാരണം അപകടമുണ്ടാകാന്‍ സാധ്യതയുണ്ട്.