പത്രപ്രവർത്തക-പത്രപ്രവർത്തകേതര പെൻഷൻ പദ്ധതികളുടെ ഗുണഭോക്താക്കളിൽ കുടിശ്ശിക തുക ലഭിക്കാനുള്ളവരുടെ വിവരം ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ശേഖരിക്കുന്നു. കുടിശ്ശിക അനുവദിക്കാനുള്ള നടപടികളുടെ ഭാഗമായാണിതെന്ന് വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ അറിയിച്ചു.

പെൻഷൻ പദ്ധതികൾ ഏർപ്പെടുത്തിയതിനു ശേഷം ഇതുവരെ പത്രപ്രവർത്തക പെൻഷൻ, പത്രപ്രവർത്തകേതര പെൻഷൻ, 50 ശതമാനം പത്രപ്രവർത്തക പെൻഷൻ, 50 ശതമാനം പത്രപ്രവർത്തകേതര പെൻഷൻ, വിവിധ കുടുംബ പെൻഷനുകൾ, 2000 ത്തിനു മുൻപുള്ളവരുടെ പെൻഷൻ തുടങ്ങിയ ഇനങ്ങളിൽ കുടിശ്ശിക ഉള്ളവരുടെ വിവരമാണ് ശേഖരിക്കുന്നത്.

ഓരോ ജില്ലയിലും നിലവിൽ കുടിശ്ശിക തുക ലഭിക്കാനുള്ളവർ താഴെപ്പറയുന്ന വിവരങ്ങളും രേഖകളും അടിയന്തരമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലോ ജില്ലാ ഇൻഫർമേഷൻ ഓഫീസിലോ ഇ-മെയിൽ മുഖേനയോ, തപാൽ മുഖേനയോ അറിയിക്കണം.

പേര്, വിലാസം, പെൻഷൻ അനുവദിച്ച ഉത്തരവ് നമ്പരും തീയതിയും, എന്ന് മുതൽ എന്നുവരെയുള്ള കുടിശ്ശിക ലഭിക്കാനുണ്ട് (മാസവും വർഷവും) എന്നീ വിവരങ്ങളാണ് നൽകേണ്ടത്. പെൻഷൻ അനുവദിച്ച ഉത്തരവിന്റെ പകർപ്പും പെൻഷൻ കൈപ്പറ്റിയത് രേഖപ്പെടുത്തിയ ട്രഷറി പാസ്ബുക്കിന്റെ പകർപ്പും ഇതോടൊപ്പം നൽകണം.

കോവിഡ് പശ്ചാത്തലത്തിൽ രേഖകൾ ഓഫീസിൽ നേരിട്ട് ചെന്ന് നൽകേണ്ടതില്ല. കൂടുതൽ വിവരത്തിന് അതതു ജില്ലാ/മേഖലാ ഓഫീസുമായി ഫോൺ മുഖേന ബന്ധപ്പെടണം.