കൊല്ലം: കോവിഡ് രോഗികള്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും ആരോഗ്യ-മാനസിക പ്രശ്‌നങ്ങളെ കുറിച്ചുള്ള സംശയങ്ങള്‍ക്കു മറുപടി നല്‍കുന്നതിന് ടെലിപരിശോധനാ സേവനം ‘ന• ഡോക്‌ടേഴ്‌സ് ഹെല്‍പ് ഡസ്‌ക്’ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. ന• ഫൗണ്ടേഷന്റെ മിഷന്‍ ബെറ്റര്‍ ടുമാറോയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കോവിഡ് പോസിറ്റീവായോ അല്ലാതെയോ വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് മെഡിക്കല്‍ നിര്‍ദ്ദേശങ്ങളും വൈകാരിക പിന്തുണയും നല്‍കുകയാണ് ലക്ഷ്യമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ പറഞ്ഞു. എല്ലാ ദിവസവും രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് ആറ് വരെയുള്ള സമയത്ത് ഹെല്‍പ് ഡെസ്‌കില്‍ വിളിച്ച് ഡോക്ടറുമായി സംസാരിക്കാം. നമ്പര്‍-8943270000, 8943160000.

കൊട്ടാരക്കര നഗരസഭയുടെ നേതൃത്വത്തില്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലെ ബസുകള്‍ അണുവിമുക്തമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷ മൂല്യനിര്‍ണയത്തിന് അധ്യാപകര്‍ക്ക് യാത്ര ചെയ്യാന്‍ കൊട്ടാരക്കര ഡിപ്പോയിലെ മുഴുവന്‍ ബസുകളും നഗരസഭാ ജീവനക്കാരുടെ നേതൃത്വത്തില്‍ അണുവിമുക്തമാക്കിയതായി അധ്യക്ഷന്‍ എ. ഷാജു പറഞ്ഞു

ചിറ്റുമലയിലെ പെരിനാട് ഗ്രാമപഞ്ചായത്തില്‍ 10000 പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കി. പെരിനാട് സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന 60 കിടക്കകളുള്ള ഡി.സി.സിയില്‍ 46 പേര്‍ ചികിത്സയിലുണ്ട്. കോവിഡ് മൊബൈല്‍ ടെസ്റ്റിങ് യൂണിറ്റ് ഇവിടെ സജീവമാണ്. ഹോമിയോ ആയുര്‍വേദ മരുന്നുകള്‍ എല്ലാ വീടുകളിലും നല്‍കിയതായി പഞ്ചായത്ത് പ്രസിഡന്റ് വിദ്യാ ജയകുമാര്‍ പറഞ്ഞു.

വിളക്കുടി ഗ്രാമപഞ്ചായത്തില്‍ 40 പള്‍സ് ഓക്‌സിമീറ്ററുകള്‍ വിതരണം ചെയ്തു. ഒരു വാര്‍ഡില്‍ രണ്ടെണ്ണം വീതം എന്ന ക്രമത്തില്‍ 20 വാര്‍ഡുകളിലാണ് വിതരണം നടത്തിയത്. പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ച് രണ്ട് അണുനശീകരണ ഉപകരണവും ലഭ്യമാക്കിയിട്ടുണ്ട്. കുന്നിക്കോട് ഹോമിയോ ഡിസ്‌പെന്‍സറിയില്‍ പോസ്റ്റ് കോവിഡ് ക്ലിനിക് ആരംഭിച്ചു. കോവിഡ് പ്രതിരോധമരുന്നുകളടങ്ങിയ ആയുര്‍വേദ കിറ്റുകള്‍ വിതരണം ചെയ്തതായി അസിസ്റ്റന്റ് സെക്രട്ടറി ശശികുമാര്‍ പറഞ്ഞു.