കൊച്ചി: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഹരിതകേരളം മിഷന് കീഴില്‍ വടക്കേക്കര പഞ്ചായത്തിലെ ‘ഒരാള്‍ ഒരു മരം’ പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം മുന്‍ എംപി പി രാജീവ് നിര്‍വഹിച്ചു. ചിറ്റാറ്റുകര ക്ഷേത്രാങ്കണത്തില്‍ ഒരു വൃക്ഷത്തൈ നട്ടു കൊണ്ടാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. വടക്കേക്കര പഞ്ചായത്തിന്റേത് മാതൃകാപരമായ പ്രവര്‍ത്തനമാണെന്നും പദ്ധതി മറ്റു പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കണമെന്നും പി. രാജീവ് പറഞ്ഞു. വിതരണം ചെയ്യുന്ന തൈകള്‍ വളര്‍ത്തി അവയെ മരമാക്കി മാറ്റുക എന്നതാണ് നമ്മുടെ ഉത്തരവാദിത്തം. തുടക്കം വളരെ എളുപ്പമാണ്. എന്നാല്‍ തുടര്‍ച്ചയ്ക്ക് സമര്‍പ്പണം ആവശ്യമാണ്. അതിനാല്‍ തന്നെ വൃക്ഷങ്ങള്‍ നടുക എന്നതിനേക്കാള്‍ പ്രാധാന്യം അവ പരിപാലിക്കുന്നതിലാണ്. കാര്‍ഷിക രംഗത്ത് എറണാകുളം ജില്ല വളരെയധികം മുന്നിലാണ്. തരിശു ഭൂമിയായി കിടന്ന തോട്ടറപുഞ്ചയില്‍ ഇന്ന് നൂറു കണക്കിന് ഏക്കറുകളാണ് കൃഷി ചെയ്യുന്നത്. ഹരിത കേരള മിഷനു കീഴില്‍ നടക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ നാട്ടില്‍ നല്ല മാറ്റങ്ങള്‍ ഉണ്ടായി. ഫലങ്ങള്‍ കിട്ടുന്നതിനപ്പുറം ആഗോളതാപനത്തേയും കൊടും ചൂടിനേയും പ്രതിരോധിക്കുന്നതിനായുള്ള ശരിയായ നടപടിയാണ് ഇത്തരത്തിലൂടെ നടപ്പാക്കാന്‍ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘ഒരാള്‍ ഒരു മരം’ പദ്ധതി നടപ്പിലാക്കാന്‍ മുന്‍കൈയെടുത്ത വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം അംബ്രോസിനെ അനുമോദിച്ചു. സംസ്ഥാന ശാസ്ത്ര പുരസ്‌കാര ജേതാവ് സി.കെ ബിജു മാസ്റ്ററിനെ ചടങ്ങില്‍ ആദരിച്ചു.
ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് എല്ലാവര്‍ക്കും ഓരോ വൃക്ഷത്തൈകള്‍ നല്‍കിയാണ് ചടങ്ങിലേക്ക് സ്വാഗതം ചെയ്തത്. ബ്ലോക്ക് പഞ്ചായത്തിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും കീഴില്‍ നടത്തുന്ന പദ്ധതികളുടേയും പ്രവര്‍ത്തനങ്ങളുടേയും നേര്‍സാക്ഷ്യമായി ഡോക്യുമെന്ററികളുടെ പ്രദര്‍ശനവും വേദിയില്‍ നടന്നു. വടക്കേക്കര പഞ്ചായത്തിന്റെ ജനസംഖ്യ മപ്പതിനായിരത്തോളം ആണ്. ഒരാള്‍ക്ക് ഒരു തൈ എന്ന രീതിയിലും പൊതുസ്ഥലങ്ങളില്‍ നടുന്നതിനുമായി നാല്‍പതിനായിരത്തോളം തൈകളാണ് പഞ്ചായത്തില്‍ ഉല്‍പാദിപ്പിച്ചിട്ടുള്ളത്. 35 തരത്തില്‍പ്പെടുന്ന ഫലവൃക്ഷങ്ങളും ഔഷധ വൃക്ഷങ്ങളുമാണ് ഇവയിലുള്ളത്. പരിശീലനം ലഭിച്ച തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ 11 ഗ്രൂപ്പുകളായാണ് തൈകള്‍ ഉത്പാദിപ്പിച്ചത്. 25 ലക്ഷം രൂപ മുതല്‍മുടക്കിലാണ് നഴ്‌സറികള്‍ പ്രവര്‍ത്തന സജ്ജമായത്.
പൊതുമേഖലാ സ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍, ജനങ്ങള്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് തൈകളുടെ വിതരണം. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള പത്ത് ദുര്‍ബല വിഭാഗങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കും.
പഞ്ചായത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും സ്മാര്‍ട്ട് ആക്കുന്നതിന്റെ ഭാഗമായി സ്മാര്‍ട്ട് വടക്കേക്കര പ്രഖ്യാപനവും ചടങ്ങില്‍ നടന്നു. കൂടാതെ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി വിഭാഗത്തെയും നൂറ് ശതമാനം നികുതി പിരിവ് കൈവരിച്ച വാര്‍ഡ് മെമ്പര്‍മാരെയും ആദരിച്ചു. പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ഹരിത കേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ സുജിത്ത് കരുണ്‍ വടക്കേക്കര പഞ്ചായത്ത് ഓഫീസിന്റെ ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രഖ്യാപനം നടത്തി. പഞ്ചായത്ത് ഓഫീസിനോടൊപ്പം തന്നെ എല്ലാ വീടുകളിലേക്കും ഈ ആശയം വ്യാപിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
മുറവന്‍തുരുത്ത് കൃഷ്ണ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.എസ് ഷൈല, പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കമലാകാന്ത പൈ, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.സി ഹോച്ച്മിന്‍ മാസ്റ്റര്‍, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി ഗോപിനാഥ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മേഴ്‌സി സനല്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. പഞ്ചായത്തിലെ ഇരുപത് വാര്‍ഡുകളിലേയും വാര്‍ഡ്തല ഉദ്ഘാടനം ജൂണ്‍ 5 ന് രാവിലെ 9 മണിക്ക് നടക്കുന്നതാണ്.
