എറണാകുളം: ജില്ലയിൽ പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളിൽ ഗണ്യമായ കുറവുണ്ടെന്ന് ജില്ലാ കളക്ടർ എസ് സുഹാസ്. കഴിഞ്ഞ 24 മണിക്കൂറിൽ ജില്ലയിലെ ടിപി ആർ 11 ശതമാനമാണ്. ജില്ലയിൽ 15 പഞ്ചായത്തുകളിൽ ടി പി ആർ 25% വും 35 പഞ്ചായത്തുകളിൽ ടി പി ആർ 20% ആണ്. ഇവിടെ കണ്ടയ്ൻമെന്റ് സോൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു. ഓരോ ജില്ലയിലെയും കോവിഡ് രോഗ്യ വ്യാപന സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന അവലോകന യോഗത്തിലാണ് കളക്ടർ ഇക്കാര്യം വ്യക്തമാക്കിയത്.
ജില്ലയിൽ പ്രൈവറ്റ് വാക്സിനേഷൻ സെന്റെറുകൾ വഴി പ്രതിദിനം 4000 ഡോസ് വാക്സിൻ നൽകുന്നുണ്ട്. വരും ആഴ്ചകളിൽ ഈ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകും. കൂടാതെ വാക്സിനേഷൻ ഡ്രൈവ് വഴി വികലാംഗർ, അതിഥി തൊഴിലാളികൾ, പാലിയേറ്റീവ് രോഗികൾ എന്നിവർക്കും വാക്സിൻ ലഭ്യമാക്കാൻ സാധിച്ചിട്ടുണ്ട്.
കുട്ടമ്പുഴ ആദിവാസി കോളനിയിൽ രോഗലക്ഷണങ്ങൾ കണ്ടതിനെതുടർന്ന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആദിവാസി മേഖലയിൽ പരിശോധന നടത്തി. 120 പേരിൽ പരിശോധന നടത്തിയതിൽ 62 പോസിറ്റീവ് കേസുകൾ കണ്ടെത്തുകയും 54 പേരെ കുട്ടമ്പുഴ ഡിസിസി യിലേക്ക് മാറ്റുകയും ചെയ്തു. ഈ ആദിവാസി മേഖലയിൽ ആദ്യഘട്ട വാക്സിൻ നൽകിയിട്ടുള്ളതാണ്. ആദിവാസി മേഖലയിൽ കൂടുതൽ വാക്സിനേഷൻ ക്യാമ്പുകൾ തുടങ്ങിയിട്ടുണ്ട്. കൂടാതെ ആദിവാസി, അതിഥി തൊഴിലാളി മേഖലകളിൽ കൂടുതൽ ടെസ്റ്റ് ഡ്രൈവുകൾ നടത്തുമെന്നും ജില്ലാ കളക്ടർ യോഗത്തിൽ അറിയിച്ചു.