മലപ്പുറം: വേങ്ങര സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ കമ്പ്യൂട്ടറൈസ്ഡ് റേഡിയോഗ്രാഫി മെഷീന്‍  സ്ഥാപിക്കുന്നതിന് ആരോഗ്യ വകുപ്പില്‍ നിന്നും 9,76,297 രൂപ അനുവദിച്ചു. ഇക്കഴിഞ്ഞ നിയമസഭ സമ്മേളനത്തിലാണ് ആതുരാലയത്തില്‍ എക്‌സ്‌റേ സൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്നതിനായി  കമ്പ്യൂട്ടറൈസ്ഡ് റേഡിയോഗ്രാഫി മെഷീന്‍ അനുവദിക്കാന്‍ ധാരണയായത്. എക്‌സ്‌റേ മെഷീനില്‍ നിന്നും പ്രിന്റ് ചെയ്യുന്നതിനുള്ള സൗകര്യമാണ് കമ്പ്യൂട്ടറൈസ്ഡ് റേഡിയോഗ്രാഫി. റേഡിയോഗ്രാഫി, കാസറ്റ്, ഇമേജ് പ്ലേസിംങ്ങ് ഫിലിം തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് യൂണിറ്റ്.

പോര്‍ട്ടബിള്‍ എക്‌സറേ മെഷീന്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി നേരത്തെ ഡാര്‍ക്ക് റൂം സ്ഥാപിച്ചിരുന്നു. എന്നാല്‍ പ്രിന്റ് എടുക്കാനുള്ള സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ദേശീയ ആരോഗ്യ ദൗത്യം മുഖേന കമ്പ്യൂട്ടറൈസ്ഡ് റേഡിയോഗ്രാഫി മെഷീന്‍ സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. സര്‍ക്കാര്‍ അംഗീകാരം ലഭിച്ചതോടെ മെഷീന്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ ഏഴ് പഞ്ചായത്തുകളിലുള്ളവരുടെ ആശ്വാസ കേന്ദ്രമാണ്  വേങ്ങര സാമൂഹിക ആരോഗ്യ കേന്ദ്രം. സിവില്‍ സര്‍ജന്‍ മുതല്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ വരെയുള്ള 45 തസ്തികകളാണ് ഇവിടെ ഉള്ളത്.

കോവിഡ് സൈക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ കൂടിയായ വേങ്ങര കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നിലവില്‍ 62 കോവിഡ് രോഗികളെവരെ കിടത്തി ചികിത്സിക്കുന്നതിനുള്ള സൗകര്യമുണ്ട്. ഇതില്‍ ഓക്‌സിജന്‍ സൗകര്യമുള്ള 35 കിടക്കകളാണുള്ളത്. കൂടാതെ  അഞ്ച് ഐ.സി.യു കിടക്കകളും ഒരു വെന്റിലേര്‍ സൗകര്യവുമുണ്ട്. കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വേങ്ങര സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ  ഓക്‌സിജന്‍ കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് നിയമസഭാ സമ്മേളനത്തില്‍ അറിയിച്ചിരുന്നു.