എറണാകുളം: സർക്കാരിന്റെ നൂറ് ദിന പരിപാടിയിൽ ഉൾപ്പെടുത്തി കൃഷിവകുപ്പ് നടപ്പാക്കുന്ന ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിക്ക് കീഴിൽ ജില്ലയിൽ 20 ലക്ഷം പച്ചക്കറി തൈകളും നാല് ലക്ഷം പച്ചക്കറി വിത്ത് പായ്ക്കറ്റുകളും വിതരണം ചെയ്യും. കൃഷിഭവനുകൾ കേന്ദ്രീകരിച്ച് അടുത്ത ആഴ്ചയോടെ ഇവയുടെ വിതരണം ആരംഭിക്കും.
വി.എഫ്.പി.സി.കെ, സർക്കാർ ഫാമുകൾ, കാർഷിക കർമ്മസേനകൾ, അഗ്രോ സർവീസ് സെന്റെറുകൾ എന്നിവ മുഖാന്തരമാണ് വിത്തുകൾ, പച്ചക്കറി തൈകൾ എന്നിവ ലഭ്യമാക്കുന്നത്. ഒരു കോടി ഫലവൃക്ഷ തൈകളുടെ വിതരണ പദ്ധതിയും ഈ കാലയളവിൽ നടത്തും. ആദ്യവർഷം തന്നെ ജില്ലയിൽ മികച്ച രീതിയിൽ നടപ്പാക്കിയ സുഭിക്ഷ കേരളം പദ്ധതിക്ക് കീഴിൽ കൂടുതൽ കൃഷിയിടങ്ങൾ ഒരുക്കും.

വിളനാശം നേരിട്ട കർഷകർക്ക് ഈ മാസം 30 വരെ നഷ്ടപരിഹാരത്തിനായുള്ള അപേക്ഷകൾ ഓൺ ലൈനിലൂടെ സമർപ്പിക്കാം. ഫാം ഇൻഫർമേഷൻ ബ്യൂറോ, ആർ.എ.ടി.ടി.സി എന്നിവ കേന്ദ്രീകരിച്ച് കർഷകർക്കായി ഓൺലൈൻ പരിശീലന പരിപാടികളും നടത്തുന്നുണ്ട്.