തൃശ്ശൂർ:   കൊടകര പഞ്ചായത്തിലെ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ പുനര്‍ജനി കോവിഡാനന്തര ആരോഗ്യ ചികിത്സ പദ്ധതിക്ക് തുടക്കമായി. പദ്ധതി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് അമ്പിളി സോമന്‍ നിര്‍വഹിച്ചു. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന രീതിയിലാണ് ക്ലിനിക്ക് സജ്ജമാക്കിയിരിക്കുന്നത്. കോവിഡ് വന്ന് ഭേദമായ ആയിരത്തോളം പേര്‍ക്ക് ഇതിനകം ഇവിടെ നിന്നും ആയുര്‍വേദ മരുന്നുകള്‍ ലഭ്യമാക്കിയതായി പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു.

ലഭ്യമാകുന്ന മുറക്ക് എല്ലാ വാര്‍ഡുകളിലും മരുന്നുകള്‍ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. പഞ്ചായത്ത് അംഗങ്ങള്‍, ആര്‍ ആര്‍ ടി അംഗങ്ങള്‍ വഴിയും കൂടുതല്‍ മരുന്നുകള്‍ ഈ പദ്ധതിയുടെ ഭാഗമായി എത്തിച്ചു നല്‍കും. ചികിത്സയ്ക്ക് ആവശ്യമായ ഫണ്ട് കൊടകര ഗ്രാമപഞ്ചായത്ത് വഴി ലഭ്യമാക്കുമെന്നും ആശുപത്രിക്ക് പരിപൂര്‍ണ സഹകരണം നല്‍കുമെന്നും പ്രസിഡന്‍റ് പറഞ്ഞു. ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ ജി രജീഷ്, ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ദിവ്യ ഷാജു, പഞ്ചായത്ത് അംഗം റെക്സ്, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ കെ വി രമ, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ ബിന്ദു, ഡോ ജിബിന്‍ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.