ഇടുക്കി: മെഡിക്കല്‍ കോളജില്‍ സംഘടിപ്പിച്ച രക്തദാതാ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ.ഫിലിപ്പ് നിര്‍വ്വഹിച്ചു. കേരളത്തിലേ യുവജന സംഘടനകളും യുവാക്കാളും രക്തദാനത്തില്‍ കാണിക്കുന്ന പ്രതിബദ്ധത അഭിനന്ദനര്‍ഹമാണെന്ന് പ്രസിഡന്റ് പറഞ്ഞു. ലോക രക്തദാതാ ദിനത്തില്‍ ദാതാക്കളെ ആദരിച്ചും, ക്യാമ്പ് സംഘടിപ്പിച്ചു രക്ത ദാനത്തിന്റെ മഹത്വത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തിയുമാണ് ജില്ലാ തല പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.

പരിപാടിയില്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് രവികുമാര്‍ എസ്എന്‍ അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്ന് രക്ത ദാന ക്യാമ്പും സംഘടിപ്പിച്ചു.

‘രക്തം ദാനം ചെയ്യൂ, ലോകത്തിന്റെ സ്പന്ദനം നിലനിര്‍ത്തൂ’ എന്നതാണ് ഇത്തവണത്തെ ദിന സന്ദേശം. രക്തദാനം പ്രോത്സാഹിപ്പിക്കുക, രക്തദാതാക്കളെയും സംഘടനകളെയും ആദരിക്കുക, രക്തദാതാക്കള്‍ക്കുള്ള ഗുണങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കുക തുടങ്ങിയവയാണ് ദിനാചരണം കൊണ്ട് ലക്ഷ്യമിടുന്നത്.

വിവിധ സന്നദ്ധ സംഘടനകളുടെ പ്രതിനിധികളെ ചടങ്ങില്‍ ആദരിച്ചു. സുമേഷ് കുമാര്‍ കെഎസ്, അബ്ദുള്‍ റാഫി, സുഭാഷ് കെഎസ്, രജീഷ് എവി എന്നിവര്‍ ചടങ്ങില്‍ മൊമെന്റോയും സര്‍ട്ടിഫിക്കറ്റും ഏറ്റുവാങ്ങി. ഏറ്റവും കൂടുതല്‍ തവണ രക്തദാനം നടത്തിയ മണിയറാംകുടി സ്വദേശി എന്‍ അജാസിനും ആദ്യ രക്തദാതാവായി എത്തിയ അന്‍സാര്‍ മുഹമ്മദിനും സിഎന്‍ മുസ്താഫിനും ആദരം നല്‍കി.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍ പ്രിയ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഡിറ്റാജ് ജോസഫ്, ആര്‍എംഒ അരുണ്‍ എസ്, ജില്ലാ ടിബി ഓഫീസര്‍ ഡോ. സെന്‍സി, ബ്ലഡ് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ദിവ്യ വേണുഗോപാല്‍, വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു എത്തിയ രക്ത ദാതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
#blooddonation
#idukkidistrict