മലപ്പുറം:   ലോക രക്ത ദായക ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസ്, ആരോഗ്യകേരളം, ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി എന്നിവ സംയുക്തമായി ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ജില്ലാതലത്തില്‍  ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.

ജില്ലയിലെ റോഡ് ആക്‌സിഡന്റ് ആക്ഷന്‍ ഫോറം വളന്റിയര്‍മാര്‍ക്ക് രക്ത ദാനത്തെക്കുറിച്ച് പരിശീലനം നല്‍കി. പരിശീലന പരിപാടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: കെ. സക്കീന ഉദ്ഘാടനം ചെയ്തു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ: എ. ഷിബുലാല്‍ അധ്യക്ഷനായി.

ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ: കെ. കെ പ്രവീണ പരിശീലനത്തില്‍ വിഷയാവതരണം നടത്തി. ‘രക്തം ദാനം ചെയ്യൂ, ലോകത്തിന്റെ സ്പന്ദനം നില നിര്‍ത്തൂ’ എന്നതാണ് ഈ വര്‍ഷത്തെ ലോക രക്തദായക ദിനത്തിന്റെ സന്ദേശം.

ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള റോഡ് ആക്‌സിഡന്റ് ആക്ഷന്‍ ഫോറം വളന്റിയര്‍മാര്‍ പങ്കെടുത്തു. ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍  ഡോ: അരുണ്‍ ജേക്കബ്, ജില്ലാ എജ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ പി. രാജു, റോഡ് ആക്‌സിഡന്റ് ആക്ഷന്‍ ഫോറം  ജില്ലാ ജനറല്‍ സെക്രട്ടറി നൗഷാദ് മാമ്പ്ര എന്നിവര്‍ സംസാരിച്ചു.