ആലപ്പുഴ: സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തിയ ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതി പ്രകാരം സംസ്ഥാനത്തെ എല്ലാ വീടുകളിലും പച്ചക്കറി ഉത്പ്പാദനമാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് കൃഷി മന്ത്രി പി.പ്രസാദ് പറഞ്ഞു. ജില്ലയിൽ നാല് ലക്ഷം പച്ചക്കറി വിത്തുകളും 15ലക്ഷം പച്ചക്കറി തൈകളും വിതരണം ഇതിലൂടെ ചെയ്യും. 70 ലക്ഷം കുടുംബങ്ങളില്‍ പച്ചക്കറി ഉത്പ്പാദനമാണ് ഉദ്ദേശിക്കുന്നത്.

പദ്ധതിയുടെ ചേർത്തല നിയോജക മണ്ഡലം തല ഉദ്ഘാടനം വയലാർ കൃഷിഭവനിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഐ.സി.എം.ആറിന്റെ പഠനപ്രകാരം നമ്മുടെ ഭക്ഷണ ക്രമത്തില്‍ പച്ചക്കറിയുടെ അളവ് വര്‍ധിപ്പിക്കേണ്ടതുണ്ട്. വിഷ രഹിത പച്ചക്കറി നമ്മുടെ അവകാശമാണെന്ന ധാരണ മലയാളിക്ക് ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

പച്ചക്കറി വിത്ത് വിതരണം, പച്ചക്കറി തൈ വിതരണം, പോര്‍ട്ട് ട്രേയില്‍ പച്ചക്കറി വിത്ത് നടീല്‍, കൃഷിയിടത്തില്‍ പച്ചക്കറി തൈ നടല്‍ എന്നിവയും മന്ത്രി നിര്‍വഹിച്ചു. വയലാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത ഷാജി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ബിന്‍സി എബ്രഹാം, ജില്ല പഞ്ചായത്ത് അംഗം എന്‍.എസ്.ശിവപ്രസാദ്, എസ്.വി.ബാബു, ഇന്ദിര ജനാര്‍ദ്ധനന്‍, യു.ജി.ഉണ്ണി, ബീന തങ്കരാജ്, കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ റെയ്ച്ചല്‍ സോഫിയ എന്നിവര്‍ പ്രസംഗിച്ചു.