പാലക്കാട്: വനിതാ ശിശു വികസന വകുപ്പ് ജില്ലാതല ഐ.സി.ഡി.എസ് സെല്ലിന്റെ നേതൃത്വത്തിൽ വിവിധ ഐ.സി.ഡി.എസ് പ്രൊജെക്ടുകൾ മുഖേന ജില്ലയിലെ കോളേജ് എൻ.എസ്.എസ് യൂണിറ്റ് എന്നിവയുടെ സഹകരണത്തോടെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന അനീമിയ ബോധവത്ക്കരണ ക്യാമ്പെയിന്‍ ജൂണ്‍ 24 വരെ തുടരും.

ഊര്‍ജ്ജിത വിളര്‍ച്ചാ നിയന്ത്ര യജ്ഞം പരിപാടിയുടെ ഭാഗമായാണ് ക്യാമ്പെയിന്‍ സംഘടിപ്പിക്കുന്നത്. ഇതിനോടനുബന്ധിച്ച് ജില്ലയിലെ വിവിധ കോളെജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു വരികയാണ്. ബന്ധപ്പെട്ട കോളെജുകളിലെ എന്‍.എസ്.എസ് യൂണിറ്റുമായി സഹകരിച്ചാണ് പരിപാടി നടപ്പാക്കുന്നത്. കോളേജിലെ മറ്റു വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സ് എടുക്കാന്‍ കഴിയുന്ന തരത്തിലാണ് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നല്‍കുന്നത്.

ജില്ലയിലെ 45 കോളേജുകളിലാണ് ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഓണ്‍ലൈന്‍ ബോധവത്ക്കരണ ക്ലാസ്സുകള്‍ക്ക് ഡോ. ശ്രുതി ശങ്കര്‍, ഡോ. നിധിന്‍, ജയസ്വാതി, ഡോ. സതീശന്‍ എന്നിവര്‍ നേതൃത്വം നല്‍കും. എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍, ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍, സി.ഡി.പി.ഒ മാർ, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍, എന്‍.എസ്.എസ് കോ-ഓഡിനേറ്റര്‍മാര്‍, കോളേജ് അധികൃതര്‍ എന്നിവരാണ് ക്ലാസുകളില്‍ പങ്കെടുക്കുന്നത്.