കോവിഡ് വ്യാപനം മൂലം ഒരുവര്‍ഷത്തിലേറെയായി സ്‌കൂളുകള്‍ തുറക്കാത്തത് കുട്ടികളുടെ ജീവിത ശൈലികളിലും ചര്യകളിലും വലിയതോതില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. വൈകാരികവും മാനസികവുമായ വളര്‍ച്ചയെ പരിപോഷിപ്പിക്കുന്ന ഇടം കൂടിയാണ് വിദ്യാലയങ്ങള്‍. വിദ്യാലയങ്ങളുടെ അടച്ചിടല്‍ മൂലം ഉണ്ടായിട്ടുള്ള ഒറ്റപ്പെടല്‍ വിദ്യാര്‍ത്ഥികളില്‍ പലതരത്തിലുള്ള മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കും പിരിമുറുക്കങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലെ 8, 9 10, 11, 12 ക്ലാസുകളിലെ കുട്ടികള്‍ക്കായി സമഗ്ര ശിക്ഷ കേരളയും സംസ്ഥാന ആരോഗ്യ വകുപ്പും ചേര്‍ന്ന് ബിആര്‍സി തലത്തില്‍ ആവിഷ്‌കരിച്ച് അതിജീവനം ഫോണ്‍ ഇന്‍ പരിപാടി നടപ്പിലാക്കുന്നു. ഇതിനായി ഓരോ ബിആര്‍സി തലത്തിലും മാനസിക ആരോഗ്യ വിദഗ്ധരെ കണ്ടെത്തി കുട്ടികള്‍ക്ക് അവരുമായി സംവദിക്കുന്നതിനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കും. വിദ്യാര്‍ഥികള്‍ക്ക് മാനസിക പിന്തുണയും കൗണ്‍സിലിംഗും നല്‍കുന്നതിനുള്ള വിദഗ്ധരായ ഡോക്ടര്‍മാരുടെ ഫോണ്‍ നമ്പറുകളും അവരെ വിളിക്കേണ്ട സമയവും മുന്‍കൂട്ടി സ്‌കൂളുകള്‍ക്ക് അറിയിപ്പ് നല്‍കും. ഇടുക്കി ജില്ലയിലെ 8 ബിആര്‍സികളിലും ഈ പദ്ധതി നടപ്പിലാക്കുന്നതിന് നടപടി സ്വീകരിച്ചതായി സമഗ്ര ശിക്ഷ ഇടുക്കി ജില്ലാ പ്രോജക്ട് കോഡിനേറ്റര്‍ ബിന്ദു മോള്‍ ഡി അറിയിച്ചു
