മലപ്പുറം: പൊന്നാനിയിൽ പുനർഗേഹം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന മത്സ്യതൊഴിലാളി കുടുംബങ്ങൾക്കുള്ള ഫ്ലാറ്റ് സമുച്ചയത്തിൻ്റെ സമർപ്പണം ഈ വർഷം ഓഗസ്റ്റിലുണ്ടാകുമെന്ന് ഫിഷറീസ് ഹാർബർ എഞ്ചിനീയറിങ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ഇത് സംബന്ധിച്ച പ്രവൃത്തികൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. ഫ്ലാറ്റ് സമുച്ചയത്തിൻ്റെ നിർമാണപുരോഗതി വിലയിരുത്തുന്നതിനായി എത്തിയതായിരുന്നു മന്ത്രി.
128 കുടുംബങ്ങൾ ഗുണഭോക്താക്കളാകുന്ന
പദ്ധതിയുടെ ടൈൽ പതിക്കൽ, വൈദ്യുതി- ജലവിതരണം എന്നീ പ്രവർത്തികൾ കൂടിയാണ് പൂർത്തികരിക്കാനുള്ളത്. സർക്കാരിൻ്റെ നൂറു ദിന കർമ്മ പരിപാടികളുടെ ഭാഗമായി ഓഗസ്റ്റ് 25 നകം ഫ്ലാറ്റുകളുടെ താക്കോൽദാനം നിർവഹിക്കുമെന്ന് മന്ത്രി പറഞ്ഞു.
പുനർഗേഹം പദ്ധതിയിൽ സ്ഥലം വാങ്ങുന്ന മത്സ്യത്തൊഴിലാളികൾക്ക് രജിസ്ട്രേഷനുള്ള തുക ആവശ്യമെങ്കിൽ മുൻകൂറായി നൽകും. ഇതിനായി രജിസ്ട്രേഷൻ നടപടികൾ ലഘൂകരിക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്. 100 കുടുംബങ്ങൾക്കുള്ള ഫ്ലാറ്റ് സമുച്ചയം കൂടി നിർദ്ദിഷ്ട പദ്ധതി സ്ഥലത്ത് നിർമിക്കും. ശേഷിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് ഫ്ലാറ്റ് നിർമിക്കുന്നതിനായി ജില്ലാ കളക്ടർ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, നഗരസഭ ചെയർമാൻ, പ്രദേശത്തെ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഇവരുടെ സാന്നിധ്യത്തിൽ സ്ഥലം ഏറ്റെടുക്കും. മത്സ്യത്തൊഴിലാളികളുടെ താത്പര്യം കൂടി പരിഗണിച്ചാവും സ്ഥലം തെരഞ്ഞെടുക്കുകയെന്നും മന്ത്രി പറഞ്ഞു.
പി.നന്ദകുമാർ എം.എൽ.എ, ജില്ലാ കലക്ടർ കെ.ഗോപാലകൃഷ്ണൻ, പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, തഹസിൽദാർ എൻ.എം വിജയൻ, ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടർ, ഉദ്യോഗസ്ഥർ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ മന്ത്രിയോടൊപ്പം പങ്കെടുത്തു.