തൃശ്ശൂർ:   നെൽകൃഷി വികസന പദ്ധതി 2021-22 ന്റെ ഭാഗമായി എടത്തിരുത്തി കൃഷിഭവന്റെ നേതൃത്വത്തിൽ കരനെല്‍കൃഷി ആരംഭിച്ചു. എടത്തിരുത്തി മധുരം പള്ളിയിൽ ജോഷി മാണിയത്തിന്റെ 50 സെന്റ് സ്ഥലത്ത് വിത്തു വിതച്ചുകൊണ്ടാണ്‌ കരനെൽ കൃഷിക്ക് തുടക്കം കുറിച്ചത്.

മതിലകം ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഏഴ് പഞ്ചായത്തുകളിലായി 30 ഹെക്ടർ സ്ഥലത്താണ് കരനെല്‍കൃഷി ചെയ്യുവാൻ ലക്ഷ്യമിടുന്നത്. കര്‍ഷകന് സൗജന്യമായി നെല്‍വിത്തുള്‍പ്പെടെ ഒരു ഹെക്ടറിന് 13600 രൂപയുടെ സബ്സിഡിയും ലഭിക്കും. എടത്തിരുത്തി പഞ്ചായത്തിൽ അഞ്ച് ഹെക്ടർ ഭൂമിയിലാണ് കരനെൽകൃഷി ചെയ്യാനായി തയ്യാറെടുത്തിരിക്കുന്നത്.

കരനെൽകൃഷിയുടെ ഉദ്‌ഘാടനം എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ടി കെ ചന്ദ്രബാബു നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം മഞ്ജുള അരുണൻ അധ്യക്ഷയായ ചടങ്ങില്‍ മതിലകം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ  ഫൽഗുണൻ, നൗമി പ്രസാദ്, എടത്തിരുത്തി കൃഷി ഓഫീസർ റുബീന സി എം, കര്‍ഷകരായ അഷ്റഫ് പുഴങ്കരയില്ലത്ത്, രാമചന്ദ്രൻ മാണിയത്ത്, മാണിയംതാഴം മധുരംപിള്ളി പാടശേഖരസമിതി സെക്രട്ടറി കെ ആർ ഹരി എന്നിവർ പങ്കെടുത്തു.