തൃശ്ശൂർ: അതിജീവനത്തിന്റെ പോരാട്ട വീഥിയിൽ വ്യത്യസ്തമായ സേവനം നൽകിക്കൊണ്ട് ശ്രദ്ധ നേടുകയാണ് മതിലകം ഗ്രാമപഞ്ചായത്തിലെ ഡൊമിസിലിയറി കെയർ സെന്റർ. പഞ്ചായത്തിലെ 17 വാർഡിലേയും കോവിഡ് ബാധിതരെ ചികിത്സിച്ച് അവർക്ക് വേണ്ട പരിചരണം നൽകുന്നതിനായി മൂന്നാംവാർഡിലെ കാതിക്കോട് അൽ അഖ്‌സ സ്‌കൂളിലാണ് ഡിസിസി പ്രവർത്തിക്കുന്നത്.
രോഗം ബാധിച്ച് ഇവിടെയെത്തുന്നവർക്ക് വേണ്ട എല്ലാ വിധത്തിലുമുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 24 മണിക്കൂറും സജ്ജമായ ഈ സെന്ററിൽ ഓക്‌സിജൻ സൗകര്യത്തോടെയുള്ള ആംബുലൻസുകൾ ഏതുസമയത്തും ലഭ്യമാണ്.കൃത്യമായ സമയം നിശ്ചയിച്ച് ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും മുഴുവൻ ആളുകൾക്കും എല്ലാദിവസവും നൽകിവരുന്നു.
കൂളിമുട്ടം പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സണ്ണിയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീമിനാണ് ഡിസിസിയുടെ ഔദ്യോഗിക ചുമതല. ഡോ ഫാരിസ്, ഡോ മഞ്ജീത്ത് കൃഷ്ണ എന്നീ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ളആരോഗ്യപ്രവർത്തകർ അടങ്ങുന്ന മെഡിക്കൽ സംഘമാണ് ഡിസിസിയിലെ രോഗികൾക്ക് പരിചരണം നൽകുന്നത്.
മുഴുവൻ സമയവും രോഗികളുടെ ആരോഗ്യനിലയിലുള്ള പുരോഗതി വീക്ഷിക്കുന്നതിനോടൊപ്പം തന്നെ അവർക്ക് മാനസിക പിന്തുണ നൽകുന്നതിനായി കൗൺസിലിങും ഇവിടെ നടത്തുന്നുണ്ട്. ഡോക്ടർമാർ ദിവസത്തിൽ രണ്ടു തവണ രോഗികളുമായി സംസാരിച്ച് അവരുടെ ആരോഗ്യ പുരോഗതി വിലയിരുത്തി കൃത്യമായി റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്യുന്നുണ്ട്. അന്യസംസ്ഥാന അതിഥി തൊഴിലാളികളടക്കം എഴുപത്തിയഞ്ചോളം കോവിഡ് ബാധിതർക്ക് തുണയാകാൻ ഈ സെന്ററിന് സാധിച്ചു.
2021 മെയ് 11നാണ് എംഎൽഎ ഇ ടി ടൈസൺ മാസ്റ്റർ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് ഡിസിസിയുടെ പ്രവർത്തനം ആരംഭിക്കുന്നത്. ആശാവർക്കർമാരുടെയും ആർ ആർ ടി അംഗങ്ങളുടെയും സേവനമാണ് ഡിസിസിയുടെ തൃപ്തികരമായ നടത്തിപ്പിന് മുതൽക്കൂട്ട്. 24 മണിക്കൂറും പ്രവർത്തനസജ്ജമായ സെന്ററിന്റെ രാത്രികാല ചുമതല പഞ്ചായത്തിലെ 17 വാർഡിലെയും ആർ ആർ ടി അംഗങ്ങൾ കൃത്യമായി ഓരോ ദിവസം നിശ്ചയിച്ചു നിർവഹിച്ചു പോരുന്നു. മൂന്നാം വാർഡ് ആർ ആർ ടി അംഗം ഷിയാസ് കാതിക്കോടിന്റെ നേതൃത്വത്തിലാണ് ഇവരുടെ സേവനം.
അധ്യാപകരുടെ നേതൃത്വത്തിലുള്ള ഓഫീസ് സംവിധാനത്തിൽ ഡിസിസിയുടെ പ്രവർത്തനങ്ങളുടെയും കോവിഡ് ബാധിതരുടെയും വിശദ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തി റിപ്പോർട്ട് തയ്യാറാക്കുന്നു.പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ, വൈസ് പ്രസിഡൻ്റ് വി എസ് രവീന്ദ്രൻ, മറ്റ് വാർഡിലെ ജനപ്രതിനിധികൾ എന്നിവർ എല്ലാദിവസവും ഡിസിസി സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നു.
പൂർണ ആരോഗ്യത്തോടെയാണ് ചികിത്സ തേടിയവർ ഇവിടെ നിന്നും തിരിച്ച് അവരുടെ വീടുകളിലേക്ക് പോകുന്നത് എന്നത് സെന്റർ നടത്തിപ്പിനായി മുഴുവൻ സമയം ചെലവഴിച്ചവർക്ക് അഭിമാനിക്കാവുന്ന നേട്ടമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ പറയുന്നു.