തൃശ്ശൂർ:വടക്കാഞ്ചേരിയില്‍ ഓണ്‍ലൈന്‍ പഠനസൗകര്യം മെച്ചപ്പെടുത്തുന്നത് ചര്‍ച്ച ചെയ്യാന്‍ എം എൽ എ സേവിയര്‍ ചിറ്റിലപ്പിള്ളിയുടെ അധ്യക്ഷതയില്‍ ജനപ്രതിനിധികള്‍, പി.റ്റി.എ പ്രതിനിധികള്‍, പ്രധാന അധ്യാപകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ അവലോകന യോഗം ചേര്‍ന്നു. ഓൺലൈൻ പഠന സൗകര്യങ്ങളില്ലാത്തവര്‍ക്ക് എത്രയും വേഗം സൗകര്യങ്ങളൊരുക്കാന്‍ നടപടി സ്വീകരിക്കും.

പ്രദേശത്തെ ചില സ്‌കൂളുകളില്‍ ജനപ്രതിനിധികളുടെയും പി.ടി.എ – പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മകളുടെയും സഹായത്താൽ അധ്യപകര്‍ തന്നെ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നുണ്ട്.എന്നിട്ടും പലർക്കും സഹായം ലഭ്യമാകാത്ത സാഹചര്യമുണ്ട്.ഇത്തരം വിവരങ്ങൾ ശേഖരിച്ചു വരികയാണ്.ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് മുന്‍ഗണന നല്‍കി പഠന സൗകര്യമൊരുക്കാന്‍ സ്‌കൂള്‍ തലത്തില്‍ ജനപ്രതിനിധികള്‍, പി.ടി.എ, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ സംയുക്ത യോഗങ്ങള്‍ അടിയന്തരമായി ചേരാൻ തീരുമാനിച്ചു.പ്രധാന അധ്യാപകര്‍ തങ്ങളുടെ സ്‌കൂളുകളിലെ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികളെ സംബന്ധിച്ച റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

വടക്കാഞ്ചേരി നഗരസഭ ചെയര്‍മാന്‍ പി.എന്‍. സുരേന്ദ്രന്‍, തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. വി. സുനില്‍ കുമാര്‍, നഗരസഭയിലെയും തെക്കുംകര പഞ്ചായത്തിലെയും സ്ഥിരം സമിതി അധ്യക്ഷന്മാര്‍, ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ഇന്‍ ചാര്‍ജ് സിന്ധു തുടങ്ങിയവര്‍ പങ്കെടുത്തു.