കാസർഗോഡ്: ജില്ലയിലെ പട്ടയ ഭൂമികളിൽ നിന്നും രാജകീയ വൃക്ഷങ്ങൾ നഷ്ടപ്പെട്ടുവോ എന്ന് റവന്യുവകുപ്പിന്റെ താലൂക്ക് തല സ്‌ക്വാഡുകൾ പരിശോധന നടത്താൻ ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു നിർദേശം നൽകി. വില്ലേജ് ഓഫീസുകളിലെ വൃക്ഷ രജിസ്റ്ററുകളിൽ രേഖപ്പെടുത്തിയ മരങ്ങൾ സംബന്ധിച്ച പരിശോധന നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കളക്ടർ നിർദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത റവന്യൂ, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിർദേശം.
1964ലെ ഭൂപതിവ് ചട്ടപ്രകാരം പതിച്ചു കൊടുത്ത ഭൂമിയിൽ നിന്നും അനധികൃതമായി രാജകീയ വൃക്ഷങ്ങൾ മുറിച്ചു കടത്തപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാകുന്നതിന് വേണ്ടിയാണ് പരിശോധന.

താലൂക്ക് പട്ട രജിസ്റ്ററിലെ പട്ടയം സ്വീകരിച്ചവരുടെ പേരും തണ്ടപ്പേരും ഒത്തുനോക്കിയ ശേഷമാവും താലൂക്ക് സ്‌ക്വാഡ് പരിശോധന നടത്തുക. തേക്ക്, ചന്ദനം, ഈട്ടി, കരിമരം എന്നിവയാണ് രാജകീയ വൃക്ഷങ്ങൾ എന്നറിയപ്പെടുന്നത്.
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അജിത് കെ രാമൻ, റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ കെ. അഷ്റഫ്, ടി.ജി.സോളമൻ, തഹസിൽദാർമാരായ ബിനു ചന്ദ്രൻ, എസ്. ദിലീപ്, എൻ. മണിരാജ്, എം.ജെ. ഷാജുമോൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.