കൊല്ലം: ശക്തികുളങ്ങര ഒഴികെയുള്ള ഹാര്‍ബറുകളില്‍ പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഒറ്റ-ഇരട്ട അക്ക നിയന്ത്രണങ്ങള്‍ നിബന്ധനകള്‍ക്ക് വിധേയമായി പിന്‍വലിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.നിബന്ധനകള്‍ ചുവടെ.
ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത വള്ളങ്ങള്‍ക്ക് മാത്രമാണ് മത്സ്യബന്ധനത്തിന് അനുമതി. കോവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കണം. പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ ബേസ് ഓഫ് ഓപ്പറേഷന്‍ തത്വമനുസരിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ലേലഹാളില്‍ മത്സ്യം ഇറക്കണം. ഓരോ ലേലഹാളിലും നിയന്ത്രിത എണ്ണം വള്ളങ്ങള്‍ മാത്രമേ ഒരേ സമയം അടുപ്പിക്കാന്‍ പാടുള്ളൂ.

തങ്കശ്ശേരി ഹാര്‍ബറില്‍ മത്സ്യം വാങ്ങാന്‍ എത്തുന്ന കച്ചവടക്കാരുടെ വാഹനങ്ങളെ ബീച്ച് ഭാഗത്ത് ക്രമീകരിച്ച് നിര്‍ത്തി പാസ് കൊടുത്ത ശേഷം ലേലഹാളിലേക്ക് കടത്തിവിടും. പാസ് ലഭിക്കുന്ന വാഹനങ്ങള്‍ അതത് ലേലഹാളില്‍ മാത്രമേ പ്രവേശിക്കാന്‍ പാടുള്ളൂ.
നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.