കാസർഗോഡ്: ശക്തമായ സാമൂഹിക പങ്കാളിത്തത്തിലൂടെയും സഹകരണത്തിലൂടെയും വരൾച്ചയും മരുഭൂവൽക്കരണവും ചെറുത്തുനിൽക്കാനാകുമെന്ന സന്ദേശം മുൻനിർത്തി ഐക്യരാഷ്ട്ര സംഘടനയുടെ ആഹ്വാനപ്രകാരം വരൾച്ചയും മരുഭൂവൽക്കരണവും പ്രതിരോധിക്കുന്നതിനുള്ള അന്താരാഷ്ട്രദിനാചരണത്തിന്റെ ഭാഗമായി ജില്ലയിൽ ഹരിത കേരളം മിഷൻ സി ഫോ യു പദ്ധതിയിലൂടെ മുളത്തൈകൾ നട്ടു പിടിപ്പിച്ചു. ജില്ലാ ദുരന്ത നിവാരണഅതോറിറ്റിയുടെയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെയും, മടിക്കൈ ഗ്രാമപഞ്ചായത്തിന്റെയും എസ്.പി.സി യൂണിറ്റിന്റെയും നേതൃത്വത്തിൽ മടിക്കൈ ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന മുളത്തൈകളുടെ നടീൽ ഉദ്ഘാടനം എഡിഎം അതുൽ എസ്. നാഥ് നിർവ്വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ എം.പി സുബ്രഹ്മണ്യൻ പദ്ധതി വിശദീകരണം നടത്തി. മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി ശ്രീലത, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വികസന വികസന സ്ഥിരംസമിതി അധ്യക്ഷൻ അബ്ദുൾ റഹ്മാൻ, ബ്ലോക്ക് വികസന ഓഫീസർ സോളമൻ എസ്, മടിക്കൈ ഗ്രാമപഞ്ചായത്ത് അംഗം എൻ. ബാലകൃഷ്ണൻ, ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഹസാർഡ് അനലിസ്റ്റ് പ്രേംജി പ്രകാശ് എന്നിവർ സംസാരിച്ചു.
