കാസർഗോഡ്: ഈ വർഷത്തെ വായനാ പക്ഷാചരണത്തിന് ജില്ലയിൽ വ്യത്യസ്തങ്ങളായ പരിപാടികൾ. ജില്ലാ ലൈബ്രറി കൗൺസിൽ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ ഗ്രന്ഥാലയങ്ങളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് പരിപാടികൾ നടത്തും. പി.എൻ. പണിക്കർ ദിനമായ ജൂൺ 19 മുതൽ ഐ.വി.ദാസ് ദിനമായ ജൂലായ് ഏഴ് വരെയാണ് പക്ഷാചരണം. അനുസ്മരണ പ്രഭാഷണങ്ങൾ, വായനാ മത്സരങ്ങൾ, അനുമോദന സദസ്സുകൾ, ഡോക്യുമെന്ററി നിർമ്മാണം, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയ പരിപാടികളാണ് ലൈബ്രറി കൗൺസിൽ ആസൂത്രണം ചെയ്തിട്ടുള്ളത്.

തടിയൻകൊവ്വൽ കൈരളി ഗ്രന്ഥാലയത്തിൽ സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ജില്ലാ തല ഉദ്ഘാടനം നിർവഹിക്കും. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.വി. കുഞ്ഞിരാമൻ അധ്യക്ഷത വഹിക്കും. ചടങ്ങിൽ ഗ്രന്ഥാശാല പ്രസ്ഥാനത്തിന് സമഗ്ര സംഭാവന നൽകിയ വാസു ചോറോടിനെ ആദരിക്കും. കൈരളി ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ വായനാദിന ഓൺലൈൻ ക്വിസ്, ഡിജിറ്റൽ പോസ്റ്റർ നിർമാണ മത്സരം എന്നിവ നടത്തും.
വായനാദിനാചരണം 26 വർഷം പൂർത്തീകരിക്കുന്ന വേളയിൽ ലോക ക്ലാസിക്കുകളിലെ മഹത്തായ 26 കൃതികളെ 26 വാചകങ്ങളുടെ സംക്ഷിപ്ത രൂപത്തിൽ അവതരിപ്പിക്കുന്ന മത്സരമാണ് ഇത്തവണത്തെ പക്ഷാചരണത്തിന്റെ മറ്റൊരു പ്രത്യേകത. പ്രായഭേദമില്ലാതെ എല്ലാവർക്കും ഇതിൽ പങ്കാളികളാകാം. ജില്ലാ തലത്തിൽ ഒന്നും രണ്ടും മൂന്നൂം സ്ഥാനം നേടുന്നവർക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.

താലൂക്ക് തലത്തിൽ സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ വിജയികളാകുന്നവരെ ജില്ലാ തലത്തിൽ പങ്കെടുപ്പിക്കും. പ്രമുഖ എഴുത്തുകാർ അടങ്ങിയ ജൂറിയാണ് വിധിനിർണയം നടത്തുക. ഓൺലൈനായിട്ടായിരിക്കും മത്സരങ്ങൾ. കാസർകോട് ജില്ലക്കാരായ പ്രവാസികൾക്കും പങ്കെടുക്കാം. കാൻഫെഡ് ജില്ലാ കമ്മറ്റിയുടെയും പി എൻ പണിക്കർ ഫൗണ്ടേഷന്റേയും നേതൃത്വത്തിലുള്ള വായനാ വാരാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിക്കും. വായനാദിനം മുൻ കേന്ദ്ര സർവ്വകലാശാല വൈസ് ചാൻസലർ ജി. ഗോപകുമാർ ഉദ്ഘാടനം ചെയ്യും. പ്രൊഫ. കെ.പി ജയരാജൻ അധ്യക്ഷത വഹിക്കും. നോവലിസ്റ്റ് സി.വി. ബാലകൃഷ്ണൻ വായനാദിന സന്ദേശം നൽകും. മുൻ എം.എൽ.എ. കെ.പി. കുഞ്ഞിക്കണ്ണൻ മുഖ്യപ്രഭാഷണം നടത്തും. ഡോ. പി. പ്രഭാകരൻ പി.എൻ. പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തും. ചടങ്ങിൽ പ്രേരക്മാരായ ജനപ്രതിനിധികളെ ആദരിക്കും. കാവുങ്കൽ നാരായണൻ പരിചയപ്പെടുത്തും. വാരാചരണത്തിന്റെ ഭാഗമായി വായനാ മത്സരം, കവിതാലാപന മത്സരം, കവിയരങ്ങ്, സംഗീത ദിന പരിപാടി എന്നിവയാണ് സംഘടിപ്പിക്കുന്നത്.

ശ്രീനാരായണഗുരു സ്മാരക വായനശാലയുടെ വായനാവാരാചരണം പി.എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ പ്രൊഫ. കെ.പി.ജയരാജൻ ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷൻ ജനറൽ സെക്രട്ടി കെ.വി. രാഘവൻ അനുസ്മരണ പ്രഭാഷണം നടത്തും.
മീൻകടവ് നായനാർ സ്മാരക പൊതുജന വായനശാലയുടെ വായനാദിനാഘോഷത്തിൽ പ്രൊഫ. കെ.പി. ജയരാജൻ പി.എൻ.പണിക്കർ അനുസ്മരണം നടത്തും. തുടർന്ന് ബാലവേദി കുട്ടികൾക്കായി സാഹിത്യ ക്വിസ് മത്സരവും ഉണ്ടാകും. വായനാ പക്ഷാചരണ പരിപാടികളുടെ ഭാഗമായി ജൂൺ 20ന് ബാലവേദിയിലെ കുട്ടികളുടെ വീട്ടിലേക്ക് വായിക്കാൻ ആവശ്യമായ പുസ്തകങ്ങൾ എത്തിക്കും. തുടർന്ന് ജൂൺ 27ന് വായനാ കുറിപ്പ് തയ്യാറാക്കൽ മത്സരം നടത്തും. ജൂലൈ മൂന്നിന് എസ്.എസ്.എൽ.സി, പ്ലസ് ടു കഴിഞ്ഞ കുട്ടികൾക്ക് ഉപരി പഠന സാധ്യതകളെക്കുറിച്ച് ഗൂഗിൾ മീറ്റ് വഴി ഡോ. വി.ബോബി ജോസ് ക്ലാസ് എടുക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9946534161, 9400922176 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.