കാസർഗോഡ്: കാഞ്ഞങ്ങാട് മുനിസിപ്പൽ ലൈബ്രറി ജൂൺ 19 ന് രാവിലെ 11ന് ഓൺലൈനായി വായനാ ദിനാചരണം സംഘടിപ്പിക്കും. നഗരസഭാ ചെയർപേഴ്സൺ കെ.വി. സുജാത അധ്യക്ഷത വഹിക്കും. എഴുത്തുകാരനും കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗവും ഗ്രന്ഥാലോകം എഡിറ്ററുമായ പി.വി.കെ. പനയാൽ വായനാദിന സന്ദേശം നൽകും. തുടർന്ന് ലക്ഷദ്വീപിൽനിന്നുള്ള ആദ്യ മലയാള നോവലായ ഇസ്മത്ത് ഹുസൈനിന്റെ കോലോടം എന്ന പുസ്തകത്തെ ആസ്പദമാക്കി കെ.വി. സജീവൻ പ്രഭാഷണം നടത്തും. വായനാ വാരാചരണത്തിന്റെ ഭാഗമായി ജൂൺ 19 മുതൽ 25 വരെ മുനിസിപ്പൽ ലൈബ്രറിയുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗങ്ങൾ പുസ്തകാസ്വാദനക്കുറിപ്പുകൾ അവതരിപ്പിക്കും.