ആലപ്പുഴ: ഓണക്കാല പച്ചക്കറി കൃഷിയുടെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് ഓൺലൈൻ കർഷക ഗ്രാമസഭകൾ സംഘടിപ്പിക്കുന്നു. ജൂൺ 18 ന് ആരംഭിക്കുന്ന ഗ്രാമസഭയുടെ പഞ്ചായത്തുതല ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് രാവിലെ 11ന് ഓൺലൈനായി നിർവഹിക്കും. കർഷകമിത്ര റ്റി.എസ്. വിശ്വൻ മുഖ്യപ്രഭാഷണം നടത്തും. ജനപ്രതിനിധികൾ, കൃഷി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

രണ്ടു ദിവസങ്ങളിലായി നടക്കുന്ന ഓൺലൈൻ ഗ്രാമസഭയിൽ വീടുകളിലേക്ക് ആവശ്യമായ പച്ചക്കറികൾ കൃഷി ചെയ്യുന്ന കർഷകരും വാണിജ്യാടിസ്ഥാനത്തിൽ കാർഷികവൃത്തി ചെയ്യുന്നവരും പങ്കെടുക്കും. ഗ്രാമസഭയിൽ പങ്കെടുക്കുന്നതിനുള്ള ലിങ്ക് നൽകുമെന്ന് പ്രസിഡന്റ് ഗീതാ കാർത്തികേയനും വൈസ് പ്രസിഡന്റ് എം. സന്തോഷ് കുമാറും പറഞ്ഞു. പഞ്ചായത്ത് ഓഫീസിൽ പ്രത്യേകം തയാറാക്കിയ സ്റ്റുഡിയോയിൽ പഞ്ചായത്ത് ഭാരവാഹികളും കൃഷി ഉദ്യോഗസ്ഥരും ഗ്രാമസഭയ്ക്ക് നേതൃത്വം നൽകും.

കാർഷിക മേഖലയുടെ കരുത്തുകൂട്ടുന്നതിന് പഞ്ചായത്ത് തലത്തിൽ പരിശോധന സമിതിയും ആലോചനയിലുണ്ട്. പരമ്പരാഗത കൃഷിരീതിക്കു പുറമേ മറ്റ് ഏജൻസികളുടെ സഹായത്തോടെയുള്ള ആധുനിക കാർഷികവൃത്തി പ്രോൽസാഹിപ്പിക്കുന്നതിനുള്ള പദ്ധതിയും പഞ്ചായത്ത് രൂപീകരിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.