ശിശുരോഗ വിദഗ്ദ്ധരെ നിയമിച്ചും നിയോനേറ്റല്‍, പീഡിയാട്രിക് തീവ്രപരിചരണ വിഭാഗം വിപുലീകരിച്ചുംഇടുക്കി ജില്ലയിലെ ശിശുരോഗ ചികിത്സാ സൗകര്യം വര്‍ദ്ധിപ്പിക്കാന്‍ കലക്ട്രേറ്റില്‍ ചേര്‍ന്ന ഉന്നതാധികാര സമതി യോഗം തീരുമാനിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തന പുരോഗതി വിലയിരുത്താന്‍ ജില്ലയുടെ ചുമതലയുള്ള ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്നഎം എല്‍ എ മാരുടേയും ആരോഗ്യ പ്രവര്‍ത്തകരുടേയും യോഗത്തിലാണീ തീരുമാനം കൈക്കൊണ്ടത്. ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. കെഎസ്ഇബി മെഡിക്കല്‍ കോളേജ് നവീകരണത്തിന് അനുവദിച്ചതില്‍ ശേഷിക്കുന്ന 1.16 കോടി രൂപ ചെലവഴിച്ച് മെഡിക്കല്‍ കോളേജില്‍ ദ്രവ ഓക്സിജന്‍ സംഭരിക്കുന്നതിനുള്ള സംവിധാനം ഒരുക്കും. കോവിഡിന്റെ മൂന്നാം തരംഗത്തെ നേരിടുന്നതിന് മെഡിക്കല്‍ കോളേജ്, ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ഓക്സിജന്‍ ബെഡുകള്‍, ഐസിയു ബെഡുകള്‍, വെന്റിലേറ്ററുകള്‍ എന്നിവയും കൂടുതലായി ഒരുക്കും. 45 വയസ്സിനുമുകളിലുള്ള 43% പേര്‍ക്കും ജില്ലയില്‍ കോവിഡ് ഒന്നാം വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. യോഗത്തില്‍ എംഎല്‍എ മരായ എംഎം മണി, വാഴൂര്‍ സോമന്‍, എ രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ജില്ലാ പോലീസ് മേധാവി ആര്‍ കറുപ്പസാമി, എഡിഎം ഷൈജു ജോസഫ്, ഡി എം ഒ ഡോ. എന്‍ പ്രിയ തുടങ്ങി വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരും പങ്കെടുത്തു. എംപി ഡീന്‍ കുര്യാക്കോസ് ഓണ്‍ലൈനായി പങ്കെടുത്തു.
