സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ‘ഓണത്തിനൊരു മുറം പച്ചക്കറി’ പദ്ധതിയുടെ ആലത്തൂര് മണ്ഡലതല ഉദ്ഘാടനം കെ.ഡി പ്രസേനന് എം.എല്.എ നിര്വഹിച്ചു. വിഷരഹിത പച്ചക്കറി വീട്ടുവളപ്പില് തന്നെ ലഭ്യമാക്കുകയാണ് പദ്ധതി ലക്ഷ്യം. കൃഷി വകുപ്പ് മുഖേന നടപ്പാക്കുന്ന പച്ചക്കറി വികസന പദ്ധതിയിലുള്പ്പെടുത്തി വീട്ടുവളപ്പിലെ പച്ചക്കറി കൃഷിക്കായി വിത്തുകള്, തൈകള് നട്ടുപിടിപ്പിച്ച ഗ്രോബാഗുകള് എന്നിവ വിതരണം ചെയ്യും. ഓണത്തിന് കുറഞ്ഞത് അഞ്ചിനം പച്ചക്കറിയെങ്കിലും ഓരോ കുടുംബവും സ്വന്തമായി ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. വീട്ടുവളപ്പുകള്, സ്ഥാപനങ്ങള്, തരിശു നിലം, മട്ടുപ്പാവ്, മഴമറ പച്ചക്കറികൃഷികള്, പോഷകത്തോട്ടം എന്നിങ്ങനെ സമഗ്രപച്ചക്കറി വികസന പദ്ധതിയില് ഉള്പ്പെടുത്തി നിരവധി പദ്ധതികളാണ് കൃഷിവകുപ്പ് മുഖാന്തിരം നടപ്പാക്കുന്നത്. ആലത്തൂര് ബ്ലോക്കിലെ എട്ട് കൃഷിഭവനുകള് മുഖേന 1,80,000 പച്ചക്കറിത്തൈകളും 50,000 വിത്ത് പാക്കറ്റുകളും ഘട്ടം ഘട്ടമായി വിതരണം ചെയ്യും.
ആലത്തൂര് കൃഷിഭവന് വിള ആരോഗ്യ കേന്ദ്രത്തില് നടന്ന പരിപാടിയില് ആലത്തൂര് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു അധ്യക്ഷയായി. ആലത്തൂര് പഞ്ചായത്ത് പ്രസിഡന്റ് എ. ഷൈനി, ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിനു, ആലത്തൂര് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചന്ദ്രന് പരുവക്കല്, ജില്ലാ പ്രിന്സിപ്പല് കൃഷി ഓഫീസര് ലീലാകൃഷ്ണന്, കൃഷി ഡെപ്യൂട്ടി ഡയറക്ടര് ലക്ഷ്മി, കൃഷി അസിസ്റ്റന്റ് ഡയറക്ടര് ലാലിമ്മ ജോര്ജ്, കൃഷി ഓഫീസര് എം.വി. രശ്മി എന്നിവര് പങ്കെടുത്തു.