കാസർഗോഡ്: അടച്ചിടല്‍ കാലത്തും വായനയെ പ്രോത്സാഹിപ്പിക്കാന്‍ മുന്നിട്ടിറങ്ങി ജില്ലയിലെ ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍. കുടിച്ചേരലുകളില്ലാതെ ഓണ്‍ലൈനായാണ് ഈ വായനാദിനത്തില്‍ എഴുത്തുകാരുള്‍പ്പെടെയുള്ളവര്‍ പുതുതലമുറയോട് വായനാനുഭവം പങ്കുവെച്ചത്.
അറിവുകള്‍ക്ക് അടിസ്ഥാനം വായനയാണെന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് വായനാപക്ഷാചരണം. നവമാധ്യമങ്ങളുടെ സഹായത്തോടെ വ്യത്യസ്തങ്ങളായ പരിപാടികളോടെയാണ് ജില്ലയിലെ ഗ്രന്ഥശാല പ്രസ്ഥാനം വായനാ പക്ഷാചരണത്തിന് തുടക്കം കുറിച്ചത്. ജില്ലാ ലൈബ്രറി കൗണ്‍സിലില്‍, ജില്ലാ ഭരണ സംവിധാനം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പൊതുവിദ്യാഭ്യാസ വകുപ്പ്, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് വായനാ പക്ഷാചരണം നടത്തുന്നത്.
ജില്ലാ ലൈബ്രറി കൗണ്‍സില്‍ നേതൃത്വം നല്‍കിയ ജില്ലാതലവായനാ പക്ഷാചരണം തടിയന്‍കൊവ്വല്‍ കൈരളി ഗ്രന്ഥാലയത്തില്‍ സഹകരണമന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ വി കുഞ്ഞിരാമന്‍ അധ്യക്ഷനായിരുന്നു. ഇ പി രാജഗോപാലന്‍ മുഖ്യപ്രഭാഷണം നടത്തി.
ഗ്രന്ഥശാലാ സാംസ്‌കാരിക പ്രസ്ഥാനങ്ങള്‍ക്ക് സമഗ്ര സംഭാവനകള്‍ നല്‍കിയ വാസു ചോറോടിനെ വായനാപക്ഷാചരണത്തിന്റെ ഭാഗമായി സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ മുന്‍ സെക്രട്ടറി അഡ്വ.പി അപ്പുക്കുട്ടന്‍ ആദരിച്ചു. പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ ചെയര്‍മാന്‍ പ്രൊഫ.കെ.പി.ജയരാജന്‍ പി എന്‍ പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
ഗ്രന്ഥാലോകം ചീഫ് എഡിറ്റര്‍ പി.വി.കെ. പനയാല്‍ വായനാദിന സന്ദേശം നല്‍കി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ എം.സുമേഷ്, പഞ്ചായത്തംഗം ടി.വിജയലക്ഷ്മി എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഡോ.പി.പ്രഭാകരന്‍ സ്വാഗതവും കൈരളി ഗ്രന്ഥാലയം സെക്രട്ടറി എ.ബാബുരാജ് നന്ദിയും പറഞ്ഞു.
ഓണ്‍ലൈന്‍ വായനാ ക്വിസില്‍ കെ അമൃത മാച്ചിക്കാട്ട്, വി നന്ദന പൊയിനാച്ചി, ഡിജിറ്റല്‍ പോസ്റ്റര്‍ രചനാ മത്സരത്തില്‍ ഹുമൈദ് മുട്ടത്തൊടി, സുഭാഷ് വനശ്രീ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. പി.എന്‍.പണിക്കര്‍ ദിനം മുതല്‍ ഐ.വി.ദാസ് ദിനമായ ജൂലായ് ഏഴ് വരെയാണ് എഴുത്തിനെയും വായനയെയും പരിപോഷിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളുമായി ജില്ലയില്‍ വായനാപക്ഷാചരണം നടത്തുന്നത്.