ഹയര് സെക്കന്ഡറി / വൊക്കേഷണല് ഹയര് സെക്കന്ഡറി പ്രാക്ടിക്കല് പരീക്ഷ നടത്താൻ തീരുമാനിച്ചതിനാൽ ജില്ലയിലെ ഹയര് സെക്കന്ഡറി, വൊക്കേഷണല് ഹയര് സെക്കന്ഡറി സ്കൂളുകളില് പ്രവര്ത്തിക്കുന്ന ഡൊമിസിലിയറി കെയര് സെന്ററുകള്, കോവിഡ് ഫസ്റ്റ് ലൈന് ട്രീറ്റ്മെന്റ് സെന്ററുകളിലെ രോഗികളെ സമീപത്തെ കോവിഡ് ചികിത്സ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ. മണികണ്ഠൻ അറിയിച്ചു. ഇത്തരത്തിൽ പരീക്ഷ നടത്തിപ്പിനെ ബാധിക്കാൻ സാധ്യതയുള്ളതായി കണ്ടെത്തിയ 20 കേന്ദ്രങ്ങളിൽ 16 കേന്ദ്രങ്ങളിലെ രോഗികളെയാണ് സമീപത്തുള്ള ഡി.സി.സി/ സി.എഫ്.എൽ.ടി.സി. കളിലേക്ക് മാറ്റിയത്. നാല് കേന്ദ്രങ്ങളിൽ നിലവിൽ രോഗികളെ പ്രവേശിപ്പിച്ചിട്ടില്ലാത്തതിനാൽ പരീക്ഷ നടത്തിപ്പിനെ ബാധിക്കില്ല. ജില്ലാ കലക്ടർ നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ അഡീഷനൽ ജില്ലാ മജിസ്ട്രേറ്റിന്റെ അധ്യക്ഷതയിൽ ആരോഗ്യം, തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ചേർന്ന യോഗ തീരുമാനത്തെ തുടർന്നാണ് നടപടി.
എലപ്പുള്ളി ജി.എ.പി.എച്ച് എസ്.എസ്, ചന്ദ്രനഗർ ഭാരത് മാതാ ഹയർ സെക്കൻഡറി സ്കൂൾ, പറളി എച്ച്.എസ്, പെരിങ്ങോട്ടുകുറിശ്ശി മോഡൽ റസിഡൻഷ്യൽ സ്കൂൾ, കോട്ടായി ഗവ. ഹയർ സെക്കൻഡറി സ്കൂൾ, നെന്മാറ ജി.ജി.എച്ച് എസ്.എസ്, കോഴിപ്പാറ ജി. എച്ച്.എസ്.എസ്, വടവന്നൂർ വി.എം.എച്ച്.എസ്.എസ്, കോട്ടോപ്പാടം കെ.എ.എച്ച് എസ്.എസ്, പുത്തൂർ ഗവ ട്രൈബൽ ഹയർ സെക്കൻഡറി സ്കൂൾ ബോയ്സ് ഹോസ്റ്റൽ, തെങ്കര ജി.എച്ച്.എസ്.എസ്, പറക്കുളം എം.ആർ.എസ് ഹോസ്റ്റൽ, കൊപ്പം ജി.വി എച്ച്.എസ്.എസ്, തൃത്താല മേഴത്തൂർ ജി.എച്ച്.എസ് എസ്, അമ്പലപ്പാറ കടമ്പൂർ ജി.എച്ച്.എസ്.എസ്, ചളവറ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഡി.സി.സി / സി.എഫ്.എല്.റ്റി.സികളിൽ നിന്നുമാണ് രോഗികളെ സമീപത്തുള്ള കോവിഡ് ചികിത്സ കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. ഈ കെട്ടിടങ്ങളിൽ നാളെ തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളുടെ നേതൃത്വത്തിൽ അണുനശീകരണം നടത്തും.
പെരുവമ്പ് സി.എ ഹയർസെക്കൻഡറി സ്കൂൾ, പെരുമാട്ടി എച്ച് .എസ്, കുമരംപുത്തൂർ കല്ലടി എച്ച്.എസ്.എസ്, അനങ്ങനടി എച്ച്.എസ്.എസ് എന്നിവിടങ്ങളിൽ നിലവിൽ രോഗികളെ പ്രവേശിപ്പിച്ചിട്ടില്ല. ഇനി പ്രവേശിപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ സമീപത്തുള്ള സെന്ററിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു.