കേന്ദ്ര-സംസ്ഥാന സര്ക്കാരുകളുടെ പങ്കാളിത്തത്തോടെ ജില്ലാ ഇന്ഫര്മേഷന് ഓഫീസ്, പി.എന് പണിക്കര് ഫൗണ്ടേഷന്, കേന്ദ്ര ഫീല്ഡ് ഔട്ട്റീച്ച് ബ്യൂറോ, ഗംഗോത്രി ട്രസ്റ്റ എന്നിവയുടെ സംയുക്താഭിമുഖ്യത്തില് സംഘടിപ്പിച്ച വായനാ മാസാചരണത്തിന് ജില്ലയിൽ തുടക്കമായി. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കലക്ടര് മൃണ്മയി ജോഷി ഓണ്ലൈനായി നിര്വഹിച്ചു.
വായന വിനോദത്തിനപ്പുറം ഒരു ശീലമാണെന്നും മാനസികമായി നാം നേരിടുന്ന പ്രശ്‌നങ്ങള് തരണം ചെയ്യുന്നതിന് ഒരു പരിധി വരെ വായനാശീലം കൊണ്ട് സാധിക്കുമെന്നും പരിപാടി ഉദ്ഘാടനം ചെയ്ത് ജില്ലാ കലക്ടര് പറഞ്ഞു. സോഷ്യല് മീഡിയയുടെ കാലത്തും ജനങ്ങളിലെ വായനാശീലം ഉറപ്പാക്കണമെന്നും അത് ഒരിക്കലും ഇല്ലാതായി പോവരുതെന്നും ജില്ല കലക്ടര് അഭിപ്രായപ്പെട്ടു. മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്ഥമായി ഒറ്റക്ലിക്കില് തന്നെ ആവശ്യമായ വിവരങ്ങള് ഇന്റര്നെറ്റില് ലഭ്യമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. എന്നാല് ഇത്തരം വിവരങ്ങള് പുറത്തു വിടുന്നതിനു മുമ്പ് അത് വ്യക്തമാണെന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. സമൂഹത്തില് എന്ത് വിവരങ്ങള് പ്രചരിപ്പിക്കുന്നതിന് മുമ്പും അതില് തെറ്റില്ലെന്ന് പരിശോധിച്ച് ഉറപ്പാക്കണമെന്നും ജില്ല കലക്ടര് പറഞ്ഞു.
ഡിജിറ്റല് പ്ലാറ്റ്‌ഫോമിന്റെ ഈ കാലത്ത് സമകാലിക വിഷയങ്ങളിലുൾപ്പെടെ സോഷ്യല് മീഡിയയും വായനയ്ക്ക് വേദിയാകുന്നുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ ഇന്ഫര്മേഷന് ഓഫീസര് പ്രിയ കെ ഉണ്ണികൃഷ്ണന് പറഞ്ഞു. സമകാലിക വിഷയങ്ങളെക്കുറിച്ച് ഉള്പ്പടെ നീണ്ട എഴുത്തും വായനയും സോഷ്യല് മീഡിയയിലൂടെ സാധ്യമാവുന്നുണ്ട്. ഡിജിറ്റല് യുഗത്തിലും വായനയുടെ ആഴം കുറഞ്ഞിട്ടില്ലെന്നത് വസ്തുതയാണെന്നും മുഖ്യപ്രഭാഷണത്തിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ അഭിപ്രായപ്പെട്ടു.
ഫീല്ഡ് പബ്ലിസിറ്റി ഓഫീസര് എം. സ്മിതി അധ്യക്ഷനായി. ഗാനരചയിതാവ് പുതിയങ്കം മുരളി കവിത ആലപിച്ചു. പി.എന് പണിക്കര് സ്മാരക ജില്ലാ കോ-ഓര്ഡിനേറ്റര് ഡോ. മാന്നാര് ജി രാധാകൃഷ്ണന് പി.എന് പണിക്കര് അനുസ്മരണ പ്രഭാഷണം നടത്തി. ഗംഗോത്രി ട്രസ്റ്റ് സി.ഇ.ഒ ഡോ.പി.യു രാമാനന്ദന്, കേന്ദ്ര ഫീല്ഡ് ഔട്ട്‌റീച്ച് ബ്യൂറോ ഓഫീസര് ജിമി ജോണ്സണ്, ലൈബ്രറി കൗണ്സില് പ്രവര്ത്തകര്, വിദ്യാര്ത്ഥികള് എന്നിവര് പങ്കെടുത്തു.