ഇടുക്കി:   ട്രയല്‍ റണ്ണിനു ശേഷം വിക്ടേഴ്സ് ചാനല്‍ വഴി നാളെ മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ സംപ്രേഷണം ചെയ്യുന്ന സാഹചര്യത്തില്‍ ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ടെലിവിഷന്‍, ടാബ്ലെറ്റ്, ലാപ്ടോപ്പ്, മൊബൈല്‍ സംവിധാനങ്ങളില്‍ ഏതെങ്കിലും വഴി ക്ലാസ്സുകള്‍ കാണുന്നതിനുള്ള സൗകര്യം ഉറപ്പുവരുത്തുമെന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ കെ. എ ബിനുമോന്‍ പറഞ്ഞു.

ജൂണ്‍ ആദ്യ ആഴ്ചയിലെ കണക്കുപ്രകാരം 4000 കുട്ടികള്‍ക്കായിരുന്നു ഓണ്‍ലൈന്‍ അദ്ധ്യയനത്തിന് തടസ്സങ്ങള്‍ അനുഭവപ്പെട്ടിരുന്നത്. ഒരു സംവിധാനവും ലഭ്യമല്ലാതിരുന്ന 1185 കുട്ടികളാണ് അന്ന് ഉണ്ടായിരുന്നത്. പൊതുജന പങ്കാളിത്തത്തോടെ വാര്‍ഡ്, പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ വിദ്യാഭ്യാസ സമിതികളുടെ നേതൃത്വത്തില്‍ ഓരോ വിദ്യാലയങ്ങളേയും കേന്ദ്രീകരിച്ച് ഈ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് ഉപകരണം എത്തിച്ചു നല്‍കിക്കൊണ്ടിരിക്കുകയാണ്.

ആദിവാസി ഗോത്ര വിഭാഗം കുട്ടികള്‍ക്കായുള്ള ട്രൈബല്‍ വകുപ്പിന്റെ സാമൂഹ്യ പഠന മുറികള്‍, സമഗ്ര ശിക്ഷയുടെ പ്രാദേശിക പ്രതിഭ കേന്ദ്രങ്ങള്‍, ഊരുവിദ്യാ കേന്ദ്രങ്ങള്‍ എന്നിവയിലൂടെ പ്രവര്‍ത്തിക്കുന്ന പൊതു പഠനകേന്ദ്രങ്ങള്‍ വഴി 2815 കുട്ടികള്‍ക്ക് സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. തമിഴ് മീഡിയം ക്ലാസ്സുകള്‍ യുട്യൂബ് വഴിയും ലോക്കല്‍ കേബിള്‍ നെറ്റ്വര്‍ക്ക് വഴിയുമാണ് നല്‍കുന്നത്. നെറ്റ് വര്‍ക്ക് ലഭിക്കാത്ത ഇടങ്ങളില്‍ പെന്‍ഡ്രൈവ് ഉപയോഗിച്ച് ക്ലാസ്സുകള്‍ കാണുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വൈദ്യുതി ഇല്ലാത്ത ഇടങ്ങളില്‍ വൈദ്യുതി എത്തിക്കുന്നതിന് നെറ്റ് വര്‍ക്ക് ലഭ്യതക്കായി ബദല്‍ സംവിധാനങ്ങള്‍ ഒരുക്കുന്നതിന് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷത്തില്‍ നിന്നും വിഭിന്നമായി വിക്ടേഴ്സ് ചാനലില്‍ ക്ലാസ് കണ്ട ശേഷം കുട്ടികള്‍ക്ക് തുടര്‍ പഠന പിന്തുണ നല്‍കുന്നതിനുള്ള സാധ്യതയും ഇക്കുറി ഉപയോഗപ്പെടുത്തും. ഇതിനായി സ്‌കൂള്‍ അധ്യാപകര്‍, വിദ്യാഭ്യാസ വോളണ്ടിയര്‍മാര്‍, വാര്‍ഡ് തല വിദ്യാഭ്യാസ സമിതികള്‍ എന്നിവയുടെ സേവനം പ്രയോജനപ്പെടുത്തും.