എറണാകുളം : നഷ്‌ടമാകുന്ന കാർഷിക സംസ്‌കാരം വീണ്ടെടുക്കാൻ കൂട്ടായ ശ്രമം വേണമെന്നും എല്ലാ പിന്തുണയും നൽകുമെന്നും കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ. അമൂല്യമായ തനത് പൊക്കാളിക്കൃഷി പരിപോഷിപ്പിക്കുന്നതിന് പദ്ധതി ആവിഷ്‌കരിക്കും. ഇതിന് നീക്കങ്ങൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. തൊഴിൽനഷ്‌ടം കഴിയുന്നത്ര ഒഴിവാക്കി കൃഷിയിൽ യന്ത്രവത്കരണം അനിവാര്യമാണ്. ഇക്കാര്യത്തിൽ കാർഷിക എഞ്ചിനീയറിംഗ് വിഭാഗത്തിനോട് റിപ്പോർട്ട് തയ്യാറാക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും കെ എൻ ഉണ്ണികൃഷ്ണൻ പറഞ്ഞു.

കോരമ്പാടം സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കടമക്കുടി പൊക്കാളിപ്പാടത്ത് വിത്തിറക്കുന്നത് ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎൽഎ. പൊക്കാളി അരിയുടെ മൂല്യവർധിത ഉത്പന്നങ്ങൾ ലഭ്യമാക്കുന്നതിന് ഉൾപ്പെടെയുള പദ്ധതിയാണ് തയ്യാറാക്കുന്നത്. ഇതിനകം തന്നെ ഇതുസംബന്ധിച്ച കൂടിയാലോചനകൾ നടത്തിപ്പോയിട്ടുണ്ടെന്ന് എംഎൽഎ പറഞ്ഞു.

നാടാകെ ഒരുമിച്ച് ഉത്സവഛായയിൽ നടന്ന പൊക്കാളി വിത്തിറക്കലിൽ എംഎൽഎ ഉൾപ്പെടെ പാടത്തിറങ്ങിയത് ആവേശകരമായി. ഉൽപ്പാദന പ്രക്രിയയിൽ സാങ്കേതിക വൈദഗ്ധ്യം അവശ്യം കൂടിയേതീരൂവെന്ന് കോരമ്പാടം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഹരോൾഡ്‌ നിക്കോൾസൻ പറഞ്ഞു. 65 കിലോഗ്രാം പൊക്കാളി നെൽവിത്താണ് വിതച്ചത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസെന്റ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മനു ശങ്കർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വി എ ബെഞ്ചമിൻ, ദിലീപ് കോമളൻ, എം കെ ബാബു, ടി കെ വിജയൻ, വിപിൻ വി വി ,വിവിധ തദ്ദേശ സ്ഥാപന ജന പ്രതിനിധികൾ, കോരമ്പാടം സർവ്വീസ് സഹകരണ ബാങ്ക് ഡയറക്‌ടർ ബോർഡ് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു.