തൃശ്ശൂർ: ഇരുപത്തയ്യായിരം പുസ്തകങ്ങൾ ഡിജിറ്റൽ രൂപത്തിലും 18000 ഗ്രന്ഥങ്ങൾ പുസ്തക രൂപത്തിലും ശേഖരിച്ചിട്ടുള്ള ജില്ലയിലെ അപൂർവം വായനശാലകളിൽ  ഒന്നാണ് കൊടകര ഗ്രാമപഞ്ചായത്തിലെ കേന്ദ്ര ഗ്രന്ഥശാല. ലോക ക്ലാസിക് കൃതികൾ അന്വേഷിച്ച് ഇവിടെയെത്തുന്ന വായനക്കാരന് വായനയുടെ വസന്തം സമ്മാനിക്കുന്ന അറിവിൻ്റെ കേദാരം.ഇൻറർനെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ഗ്രന്ഥങ്ങളിൽ കേരള സാഹിത്യ അക്കാദമിയുടെ മലയാള കൃതികളും ഉണ്ട്. വായന സാധ്യമാകുന്നതോടൊപ്പംതന്നെ ആവശ്യമായ പുസ്തകങ്ങൾ ആവശ്യക്കാർക്ക് പെൻഡ്രൈവിലോ മറ്റോ പകർത്തി എടുക്കാനും സാധിക്കുന്നു. വായിച്ച പുസ്തകത്തെക്കുറിച്ച് കൂടുതൽ അറിയാനുള്ള ബിബ്ലിയോഗ്രഫി സംവിധാനം ഈ വായനാ
കേന്ദ്രത്തെ വ്യത്യസ്തമാക്കുന്നു.

എഴുത്തുകാരനെക്കുറിച്ചും കൃതികളെക്കുറിച്ചും ആനുകാലികങ്ങളിൽ വന്ന ലേഖനങ്ങളെക്കുറിച്ചുമുള്ള സൂചികകൾ ഇവിടെ തയ്യാറാക്കുന്നു.മാസികാശേഖരവും സൗജന്യ വൈ-ഫൈ, ഇ-സേവന കേന്ദ്രം, പഠനക്കുറിപ്പുകളുടെ ഡോക്യൂമെന്റേഷൻ, എന്നിവയ്ക്കുപുറമേ പിഎസ് സി പഠന കൂട്ടായ്മയും ഗ്രന്ഥശാലയിൽ സജീവമാണ്. കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കാലമായി കൊടകരയുടെ സാംസ്കാരിക മുഖമാണ് ഈ അക്ഷര കേന്ദ്രം. കൊടകര കമ്മ്യൂണിറ്റി ഹാളിന്റെ പരിസരത്തുള്ള കെട്ടിടത്തിൽ താഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന ഗ്രന്ഥശാല വർഷങ്ങളായി കൂടുതൽ സൗകര്യപ്രദമായ മുകൾ നിലയിലാണ് പ്രവർത്തിക്കുന്നത്.  അംഗങ്ങൾക്ക് ഗ്രന്ഥശാലയിലേക്ക് പ്രവേശനം നൽകാതെ പുസ്തകങ്ങൾ നൽകുന്ന രീതിയാണ് മുൻപ് ഉണ്ടായിരുന്നത്. എന്നാൽ വർഷങ്ങളായി മുഴുവൻ അംഗങ്ങൾക്കും ഗ്രന്ഥശാലയിൽ നേരിട്ടുവന്ന് ഇഷ്ടപ്പെട്ട പുസ്തകങ്ങൾ തിരഞ്ഞെടുക്കാം. അംഗങ്ങളുടെ അഭിരുചിക്കനുസരിച്ച് പുസ്തകങ്ങൾ തിരഞ്ഞെടുക്കാൻ ഡൂയി  ഡെസിമൽ ക്ലാസിഫിക്കേഷൻ പദ്ധതി പ്രകാരം പുസ്തകങ്ങൾ  ക്രമീകരിച്ചിട്ടുണ്ട്.

.

വിഷയാടിസ്ഥാനത്തിൽ നാല്പതോളം വിഭാഗങ്ങളിലായി 18000ത്തിൽപരം പുസ്തകങ്ങൾ ഇപ്പോൾ ഇവിടെയുണ്ട്. പി എസ് സി റാങ്ക് ഫയലുകളും സിവിൽ സർവീസ് പഠനഗ്രന്ഥങ്ങളും അടക്കം മികച്ച റഫറൻസ് വിഭാഗവുമുണ്ട്. മൂവായിരത്തോളം അംഗങ്ങളാൽ വായനശാല സമ്പന്നമാണ്. ജില്ലയിലെ ആദ്യത്തെ വൈഫൈ ഗ്രന്ഥശാലയായി മാതൃകയായതും കൊടകര ഗ്രാമപഞ്ചായത്ത് കേന്ദ്ര ഗ്രന്ഥശാലയാണ്.സൗജന്യ ഇൻറർനെറ്റ് സംവിധാനവും ഇവിടെയുണ്ട്. വിജ്ഞാനപ്രദമായ സിഡി ലൈബ്രറിയും ഇരു പതിനായിരത്തിൽപരം ലോക ക്ലാസ്സിക്‌ കൃതികളും അപൂർവ്വ സംസ്കൃത ഗ്രന്ഥങ്ങളും അടങ്ങിയ ഡിജിറ്റൽ ലൈബ്രറിയും ഇവിടുത്തെ സവിശേഷതയാണ്.പലയിടങ്ങളിൽ നിന്നാണ് ഡിജിറ്റൽ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സമാഹരിച്ചത്. സാംസ്കാരിക സമന്വയം പദ്ധതിയിലൂടെ കേന്ദ്ര ഗ്രന്ഥശാലയിൽ പുസ്തക ചർച്ചകൾ, എഴുത്തുകാരുമായുള്ള  മുഖാമുഖം, കവിപരിചയം, വേനൽപ്പച്ച സഹവാസക്യാമ്പ്, കവിതപൂക്കളം, തപാൽ ദിനത്തിൽ കത്തെഴുതൽ, നാടക രാവ്, ചലച്ചിത്ര മേള, കയ്യെഴുത്തു മാസിക പ്രകാശനം, അനുസ്മരണങ്ങൾ, ലോകജലദിനം, സ്മൃതി സായാഹ്നം, പുസ്തകോത്സവം, മഴ കവിതകളുടെ ആലാപനം, എന്നിവയൊക്കെ ഈ കാലയളവിൽ ഇവിടെ നടന്ന വേറിട്ട പരിപാടികളാണ്.

ഗ്രന്ഥശാലക്കുള്ളിൽ  മൺമറഞ്ഞ കവികളുടെ കവിത കുറിപ്പുകൾ അടങ്ങിയ ഛായാ ചിത്രങ്ങൾ സ്ഥാപിച്ചിട്ടുള്ളത് ശ്രദ്ധേയമാണ്. കൊടകരയിലെ ചിത്രകാരൻമാരുടെ കലാസൃഷ്ടികൾ കൊണ്ട് റീഡിങ് റൂമിൽ ആർട്ട് ഗ്യാലറി ഒരുക്കുകയും വായനാ സൂക്തങ്ങളാൽ ഭിത്തികൾ അലങ്കരിച്ചിരിക്കുന്നതും ഈ വായനശാലയുടെ പ്രത്യേകതയാണ്.വായനയെ പ്രോത്സാഹിപ്പിക്കാൻ സംഘടിപ്പിച്ച വായനാ ചലഞ്ച് വായനക്കാർക്ക് പുതിയ അനുഭവമായിരുന്നു. ലോക് ഡൗൺ കാലത്ത് ഇവിടെ നടത്തിയ ഓൺലൈൻ സർഗ്ഗ സദസ്സും ഏറെ വൈറലായിരുന്നു. കേന്ദ്ര ഗ്രന്ഥശാലയിൽ പ്രവർത്തിക്കുന്ന വനിതാവേദി, ബാലവേദി, വയോജനവേദി, എന്നിവയുടെ ആഭിമുഖ്യത്തിൽ പ്രതിമാസ പരിപാടികൾ നടത്തി വരുന്നു. ഇവിടെ പ്രവർത്തിക്കുന്ന പി എസ് സി പരീക്ഷ പഠന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ വിവിധ പരിശീലന ക്ലാസുകളും മാതൃകാ പരീക്ഷകളും ഒട്ടനവധി ഉദ്യോഗാർഥികൾക്ക് അനുഗ്രഹമായി. കൂട്ടായ്മയിൽ ചേർന്ന് പഠനം നടത്തിയ  ഇരുപതോളം പേരാണ് സർക്കാർ സർവ്വീസിൽ വിവിധ ജോലികളിൽ പ്രവേശിച്ചത്.പുസ്തക അന്വേഷണത്തിന് പുറമേ വിവിധ പൊതു അറിവുകൾ തേടി വരുന്നവർക്ക് അത് ലഭ്യമാകുന്ന രീതിയിലുള്ള ന്യൂസ് പേപ്പർ ക്ലിപ്പിങ് സർവീസ് എന്ന ഡോക്യുമെന്റ് സംവിധാനവും ഇവിടെയുണ്ട്. വിവിധ ആനുകാലികങ്ങളുടെ പഴയ ലക്കങ്ങൾ സമാഹരിച്ച് ലൈബ്രറിയിൽ രൂപീകരിച്ച മാസിക ശേഖരം ഇവിടെ എത്തുന്നവർക്ക് ഏറെ ഗുണകരമാണ്.