കോഴിക്കോട്: ജില്ലയില്‍ പിടിച്ചെടുത്തതും ഉപേക്ഷിച്ചതുമായ വാഹനങ്ങള്‍ റോഡരികില്‍ നിന്നും പൊതു സ്ഥലങ്ങളില്‍ നിന്നും നീക്കം ചെയ്യുന്നതിന്റെ ഭാഗമായി ഇവയുടെ കണക്ക് ജൂണ്‍ 26നകം നല്‍കാന്‍ ജില്ലാ കളക്ടര്‍ സാംബശിവ റാവു ജില്ലയിലെ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ നിര്‍ദ്ദേശമനുസരിച്ച് ദുരന്തനിവാരണ നിയമത്തിലെ 26, 34 വകുപ്പുകള്‍ പ്രകാരമാണ് നടപടി.
വാഹനങ്ങള്‍ എവിടെയെല്ലാമെന്നും അവയുടെ എണ്ണവും കണ്ടെത്തേണ്ടത് വില്ലേജ് ഓഫീസര്‍മാരുടെ ചുമതലയാണ്. ജപ്തി ചെയ്തെടുക്കുന്ന വാഹനങ്ങള്‍ സൂക്ഷിക്കുന്നതിന് അനുയോജ്യമായ സ്ഥലം തഹസില്‍ദാര്‍മാര്‍ കണ്ടെത്തണം. വാഹനങ്ങള്‍ മാറ്റുന്നതിനു മുമ്പ് വിശദമായ മഹസര്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ തയ്യാറാക്കും. സബ് കളക്ടര്‍, വടകര റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ എന്നിവര്‍ക്കാണ് മേല്‍നോട്ട ചുമതല. ഇതുമായി ബന്ധപ്പെട്ട ചെലവുകള്‍ റോഡ് സുരക്ഷാ ഫണ്ടില്‍ നിന്ന് വഹിക്കും.