മലപ്പുറം:   കോവിഡ് ബാധിച്ച് കുടുംബത്തിലെ മുഖ്യ വരുമാനദായകനായിരുന്ന വ്യക്തി മരിച്ചതിനെ തുടര്‍ന്ന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കുന്നതിന് കേന്ദ്ര സാമൂഹിക നീതിയും ശാക്തീകരണവും വകുപ്പ് ആവിഷ്‌കരിച്ച വായ്പാ പദ്ധതി പ്രകാരം സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട അര്‍ഹരായ ഗുണഭോക്താക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

മൂന്ന് ലക്ഷം രൂപയില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനമുള്ള ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളിലെ 60 വയസില്‍ താഴെ പ്രായമുള്ള മുഖ്യ വരുമാനദായകനായിരുന്ന വ്യക്തി കോവിഡ് മൂലം മരണപ്പെട്ടിട്ടുണ്ടെങ്കില്‍ അവരുടെ ആശ്രിതര്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി  വായ്പ ലഭിക്കും. അഞ്ച് ലക്ഷം രൂപ വരെ അടങ്കല്‍ വരുന്ന സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ആവശ്യമായ മുഴുവന്‍ തുകയും പദ്ധതി പ്രകാരം അനുവദിക്കും. ഇതില്‍ പദ്ധതി അടങ്കലിന്റെ 80 ശതമാനം തുക (പരമാവധി നാല് ലക്ഷം രൂപ) വായ്പയും ബാക്കി 20 ശതമാനം (പരമാവധി ഒരു ലക്ഷം രൂപ) സബ്സിഡിയുമാണ്.

വായ്പാ തിരിച്ചടവ് കാലാവധി അഞ്ച് വര്‍ഷമാണ്.  വാര്‍ഷിക പലിശ നിരക്ക് ആറ് ശതമാനം. പദ്ധതി പ്രകാരം സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് യോഗ്യതയും താത്പര്യവുമുള്ളവര്‍ അവരുടെ വിവരങ്ങള്‍ ജൂണ്‍ 28 നകം www.ksbcdc.com ല്‍ രജിസ്റ്റര്‍ ചെയ്യണം.  പദ്ധതി സംബന്ധിച്ച വിവരങ്ങള്‍  വെബ്സൈറ്റില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് മലപ്പുറം മുണ്ടുപറമ്പിലുള്ള ഓഫീസുമായി നേരിട്ടോ ഫോണിലോ ബന്ധപ്പെടണമെന്ന് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ അറിയിച്ചു. ഫോണ്‍: 0483 2734114, 2734115, 9447730033.