തിരുവനന്തപുരം: കോവിഡ് 19 നിമിത്തം കുടുംബത്തിലെ മുഖ്യ വരുമാനദായകനായിരുന്ന വ്യക്തി മരണമടഞ്ഞതിനെ തുടർന്ന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കുന്നതിനായി കേന്ദ്ര സാമൂഹിക നീതിയും ശാക്തീകരണവും വകുപ്പ് ആവിഷ്‌കരിച്ച വായ്പാ പദ്ധതി പ്രകാരം കേരളത്തിലെ ഒ.ബി.സി. വിഭാഗത്തിൽപ്പെട്ട അർഹരായ ഗുണഭോക്താക്കളിൽ നിന്നും സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ അപേക്ഷ ക്ഷണിച്ചു.
മൂന്നു ലക്ഷം രൂപയിൽ താഴെ കുടുംബ വാർഷിക വരുമാനമുള്ള ഒ.ബി.സി. വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളിലെ മുഖ്യ വരുമാനദായകനായിരുന്ന 60 വയസിൽ താഴെ പ്രായമുള്ള വ്യക്തി കോവിഡ് മൂലം മരണമടഞ്ഞിട്ടുണ്ടെങ്കിൽ ആശ്രിതർക്ക് വ്യവസ്ഥകൾക്ക് വിധേയമായി ഈ വായ്പ ലഭിക്കുന്നതിന് അർഹതയുണ്ടാകും. അഞ്ചു ലക്ഷം രൂപ വരെ അടങ്കൽ വരുന്ന സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ മുഴുവൻ തുകയും പദ്ധതി പ്രകാരം അനുവദിക്കുന്നതാണ്.  ഇതിൽ പദ്ധതി അടങ്കലിന്റെ 80% തുക (പരമാവധി 4 ലക്ഷം രൂപ) വായ്പയും ബാക്കി 20% (പരമാവധി 1 ലക്ഷം രൂപ) സബ്‌സിഡിയുമാണ്.  വായ്പാ തിരിച്ചടവ് കാലാവധി 5 വർഷമാണ്. വാർഷിക പലിശ നിരക്ക് ആറു ശതമാനം.
പദ്ധതി പ്രകാരം സംരംഭങ്ങൾ ആരംഭിക്കുന്നതിന് യോഗ്യതയും താല്പര്യവും ഉള്ളവർ അവരുടെ വിശദാംശങ്ങൾ 2021 ജൂൺ 28 നകം www.ksbcdc.com എന്ന കോർപ്പറേഷൻ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.  പദ്ധതി സംബന്ധിച്ച വിശദാംശങ്ങളും  വെബ്‌സൈറ്റിൽ ലഭ്യമാണ്.