ഞാറ്റുവേല ചന്തകളുടെയും കർഷക സഭകളുടെയും സംസ്ഥാനതല ഉദ്ഘാടനം ആണ്ടൂർകോണം പള്ളിപ്പുറം പാടശേഖരത്തിൽ കൃഷി മന്ത്രി പി. പ്രസാദ് നിർവഹിച്ചു. കൃഷിയെ ഗൗനിക്കാതെ ഒരു സമൂഹത്തിനും സർക്കാരിനും മുന്നോട്ടു പോകാനാവില്ലെന്ന് മന്ത്രി പറഞ്ഞു. കിടപ്പുരോഗികൾ ഒഴിച്ച് മുഴുവൻ പേരും ദിവസവും അര മണിക്കൂറെങ്കിലും കൃഷിയിൽ ഏർപ്പെടണം. കൃഷി ചെയ്യാതെ ഭക്ഷണം കഴിക്കാൻ എങ്ങനെയാണ് യോഗ്യതയുണ്ടാവുകയെന്ന് നാം ഓരോരുത്തരും ചിന്തിക്കണം. വയലുള്ള കർഷകന് കൂടുതൽ പരിഗണന നൽകാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഒരു ഏക്കർ വയലിൽ അഞ്ചു കോടി ലിറ്റർ വെള്ളം സംഭരിക്കപ്പെടുന്നുണ്ട്.

വയലിന്റെ മൂല്യം ഇതിൽ നിന്നു തന്നെ മനസിലാക്കാം. വയലുകൾ നികത്തപ്പെടുമ്പോൾ ഈ മൂല്യമാണ് ഇല്ലാതാക്കപ്പെടുന്നത്. വിഷം കലർന്ന പച്ചക്കറി കഴിച്ച് രോഗികളാകാൻ മനസില്ലെന്ന് നാം തീരുമാനിക്കണം. കൃഷി ജീവിതത്തിന്റെ സുപ്രധാന ഭാഗമാണ്. കേരളത്തിന്റെ തിരുവാതിര ഞാറ്റുവേലയുടെ പ്രാധാന്യവും മന്ത്രി ചടങ്ങിൽ വിശദീകരിച്ചു.

ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി. ആർ. അനിൽ അധ്യക്ഷത വഹിച്ചു. കാർഷികവൃത്തി നഷ്ടത്തിലാണെന്ന് പറഞ്ഞ് സ്ഥലം തരിശിടുന്നത് ഒഴിവാക്കാൻ സർക്കാർ വലിയ ശ്രമം നടത്തിയതായി മന്ത്രി പറഞ്ഞു. കേരളത്തിൽ തരിശായി കിടന്ന ഭൂമിയിൽ കൂടുതൽ കൃഷി ആരംഭിച്ചിട്ടുണ്ട്. കർഷക കൃഷിയിൽ ഉറച്ചു നിൽക്കുന്നതിനുള്ള പിന്തുണ സർക്കാർ ഉറപ്പാക്കി. കാർഷിക ഉത്പന്നങ്ങളുടെ വിപണനത്തിനുള്ള സംവിധാനങ്ങൾ ഇപ്പോൾ പരിമിതമാണെന്നും ഇതിൽ കൂടുതൽ

ശ്രദ്ധിക്കേണ്ടതുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ചടങ്ങിനോടനുബന്ധിച്ച് മന്ത്രിമാർ വയലിൽ വിത്തു വിതച്ചു. കർഷകർക്ക് വിവിധയിനം തൈകൾ വിതരണം ചെയ്തു. വിവിധ ഇനം തൈകൾ, കാർഷിക ഉത്പന്നങ്ങൾ, മൂല്യവർധിത ഉത്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും സംഘടിപ്പിച്ചിരുന്നു.